മഹാരാഷ്ട്രയിൽ ത്രികക്ഷി സർക്കാരിന്‍റെ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ ഇന്ന് അധികാരമേല്‍ക്കും. ബാൽ താക്കറെ അന്ത്യവിശ്രമം കൊള്ളുന്ന മൈതാനത്ത് വെച്ചാണ് ഉദ്ദവ് താക്കറെയുടെ കിരീടധാരണം. വൈകീട്ട് ആറ് മണിക്ക് ശിവാജി പാർക്കില്‍ ചടങ്ങുകള്‍ക്ക് തുടക്കമാകും. താക്കറെ കുടുംബത്തിലെ ഒരംഗം ആദ്യമായി മുഖ്യമന്ത്രി ആകുന്നു എന്നതും ഉദ്ധവ് താക്കറെയുടെ സ്ഥാനലബ്ധിയെ ശ്രദ്ധേയമാക്കുന്നു
നിരവധി പ്രമുഖരെയാണ് ചടങ്ങിൽ പ്രതീക്ഷിക്കുന്നത് .പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയ നേതാക്കളെ ഉദ്ധവ് താക്കറെ ഫോണിൽ വിളിച്ച് ക്ഷണിച്ചു. കോൺഗ്രസ് നേതാക്കളെ ഇന്നലെ തന്നെ ആദിത്യ താക്കറെ ഡല്‍ഹിയിലെത്തി കണ്ടിരുന്നു. മൂന്ന് പാർട്ടിയുടേയും രണ്ട് വീതം മന്ത്രിമാരാണ് ഉദ്ധവിനൊപ്പം സത്യപ്രതിഞ്ജ ചെയ്യുക. മന്ത്രിസഭാ വികസനം ഡിസംബർ മൂന്നിന് നടത്തുമ്പോൾ സർക്കാരിന്‍റെ ഘടന കൂടുതൽ വ്യക്തമാവും.
മുഖ്യമന്ത്രിയടക്കം 11 കാബിനറ്റ് മന്ത്രിസ്ഥാനവും 4 സഹമന്ത്രിസ്ഥാനവും ശിവസേനയ്ക്ക് നൽകും. ഉപമുഖ്യമന്ത്രിയടക്കം 12 ക്യാബിനറ്റ് റാങ്കാണ് എൻസിപിക്ക് കിട്ടുക. ഒപ്പം 4 സഹമന്ത്രിസ്ഥാനവും. കോൺഗ്രസിന് 10 ക്യാബിനറ്റ് റാങ്കുകളും സ്പീക്കർ പദവിയും, ഇതാണ് ഇന്നലെ നടത്തിയ യോഗത്തിൽ ഉയർന്ന് വന്ന ഫോർമുല. പൃഥ്വിരാജ് ചവാനെയാണ് ആ സ്ഥാനത്തേക്ക് കോൺഗ്രസ് പരിഗണിക്കുന്നത്.
അതേസമയം ബിജെപിക്ക് ഒപ്പം ചേർന്ന് വെറും 80 മണിക്കൂർ ആയുസ്സുള്ള സർക്കാരിൽ ഉപമുഖ്യമന്ത്രിയായി രാജി വെച്ച് തിരികെ വന്ന അജിത് പവാർ മഹാരാഷ്ട്ര വികാസ് അഘാഡി സർക്കാരിലും ഉപമുഖ്യമന്ത്രിയാകുമെന്ന് സൂചന. മുംബൈയിൽ വിവിധ പദവികൾ ആർക്കെല്ലാം നൽകണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ ചേരുന്ന സർവകക്ഷി യോഗത്തിൽ തനിക്ക് ഉപമുഖ്യമന്ത്രിപദം തന്നെ വേണമെന്ന് അജിത് പവാർ ഉറച്ച നിലപാടെടുത്തു. തിരികെ പാർട്ടിയിലേക്ക് വരുമ്പോൾ, മുതിർന്ന നേതാവ് ഛഗൻ ഭുജ്ബൽ തനിക്ക് തന്ന വാഗ്ദാനം ഉപമുഖ്യമന്ത്രി പദമാണെന്ന് അജിത് പവാർ യോഗത്തിൽ ചൂണ്ടിക്കാട്ടി.
അജിത് പവാർ തന്നെയായിരുന്നു മഹാരാഷ്ട്രയിൽ പാർട്ടിക്ക് ചുക്കാൻ പിടിച്ചിരുന്നത്. സർക്കാർ രൂപീകരണത്തിൽ ശരദ് പവാറിന്‍റെ മകളും എംപിയുമായ സുപ്രിയ സുലെ പ്രധാന റോൾ ഏറ്റെടുത്തതോടെയാണ് അജിത് പവാർ തന്‍റെ ഭാവി പാർട്ടിയിൽ ഇരുളടഞ്ഞതാകുമോ എന്ന് ഭയന്നതും മറുകണ്ടം ചാടിയതും. തിരികെ വന്ന അജിത് പവാറിന് പ്രാധാന്യമുള്ള പദവി തന്നെ നൽകണമെന്ന് ഭൂരിപക്ഷം എൻസിപി എംഎൽഎമാരും ശരദ് പവാറിനോട് ആവശ്യപ്പെട്ടതാണ് സൂചന. അന്തിമതീരുമാനം എന്തായാലും ശരദ് പവാറിന്‍റേതാകും.