നല്ല സേവനം കാഴ്ച്ച വെയ്ക്കാന്‍ കഴിയട്ടെ; ഷിന്‍ഡെയ്ക്കും ഫഡ്നാവിസിനും അഭിനന്ദനം അറിയിച്ച് ഉദ്ധവ് താക്കറെ

മഹാരാഷ്ട്ര മുഖ്യമന്ത്രിയായ സ്ഥാനമേറ്റ ഏക്നാഥ് ഷിന്‍ഡെയെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെയും അഭിനന്ദനം അറിയിച്ച് മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മഹാരാഷ്ട്രയില്‍ നല്ല സേവനം കാഴ്ച്ച വെയ്ക്കാന്‍ ഇരുവർക്കും കഴിയട്ടെയെന്ന് മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ട്വീറ്റ് ചെയ്തു.

ശിവസേനാ വിമത നേതാവ് ഏക്നാഥ് ഷിൻഡെയും ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസും മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായും ഉപമുഖ്യമന്ത്രിയായും ഇന്നലെ രാത്രിയാണ് സത്യപ്രതിജ്ഞ ചെയ്തത്. സർക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിക്കാൻ രാജ്ഭവനിലെത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി ആരെന്ന് ദേവേന്ദ്ര ഫഡ്നാവിസ്  വെളിപ്പെടുത്തിയത്.

അതേസമയം ശനിയാഴ്ച മഹാരാഷ്ട്രയിൽ വിശ്വാസ വോട്ടേടുപ്പ് നടത്തും.   ബി.ജെ.പിയുടെ 106-ഉം വിമതരടക്കമുള്ള 50 എം.എൽ.എമാരും  ഒപ്പമുള്ളതിനാൽ  പുതിയ സർക്കാരിന് അനായാസം വിശ്വാസ വോട്ട് നേടാനാകും.

രണ്ടര വര്‍ഷം നീണ്ടുനിന്ന ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സഖ്യ സര്‍ക്കാരിനെ താഴെയിറക്കി കൊണ്ടാണ് മഹാരാഷ്ട്ര ഭരണം വീണ്ടും ബിജെപിയുടെ കൈകളിലേക്കെത്തുന്നത്. രണ്ടര വര്‍ഷക്കാലം നീണ്ട് നിന്ന മഹാവികാസ് അഖാഡി സഖ്യസര്‍ക്കാറിനാണ് ഇതോടെ തിരശ്ശീല വീണത്.