ഭാഷ നയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തമിഴരോട് ഏറ്റുമുട്ടുന്നത് തീകൊണ്ടുള്ള കളിയാണെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍. ഭാഷയുടെയും വിദ്യാഭ്യാസത്തിന്റെയും അവകാശങ്ങളുടെയും പേരില്‍ ഒരു വിട്ടുവീഴ്ച്ചയുമില്ല. തമിഴ് സംസ്‌കാരം ലോകത്തെ ഏറ്റവുംപഴക്കംചെന്ന സംസ്‌കാരമാണെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടില്‍നിന്നുള്ള എംപിമാര്‍ക്ക് സംസ്‌കാരമില്ലെന്ന കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഉദയനിധി.
ദ്രാവിഡസംസ്‌കാരത്തെയും അതിന്റെ പൗരാണികതയെയും കുറിച്ച് അറിയാമായിരുന്നുവെങ്കില്‍ മന്ത്രി ഇത്തരം പ്രസ്താവന നടത്തില്ലായിരുന്നു. ഡല്‍ഹിയില്‍നിന്ന് ഭരണം നടത്തുന്നതിനാല്‍ തമിഴരെക്കാള്‍ വലിയ ആളാണ് താന്‍ എന്നായിരിക്കും മന്ത്രി ചിന്തിക്കുന്നത്. എംപിമാരെ അപമാനിക്കുന്നത് ഇവരെ തിരഞ്ഞെടുത്ത ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും ഉദയനിധി വ്യക്തമാക്കി.
അതേസമയം, മന്ത്രിയുടെ നടപടികളെ പ്രധാനമന്ത്രി അംഗീകരിക്കുന്നുണ്ടോയെന്നും മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ചോദിച്ചു. മന്ത്രി തമിഴ്നാട്ടിലെ ജനങ്ങളെ അപമാനിച്ചിരിക്കുകയാണ്. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാത്തതിന്റെ പേരില്‍ തമിഴ്നാടിന് ഫണ്ട് അനുവദിക്കാഞ്ഞതിനെ രൂക്ഷമായി വിര്‍ശിക്കുകയും ചെയ്തു. തമിഴ്നാട്ടിലെ വിദ്യാര്‍ഥികള്‍ക്ക് അവകാശപ്പെട്ട പണം നല്‍കാന്‍ തയ്യാറാണോയെന്ന് മന്ത്രി വ്യക്തമാക്കണമെന്നും സ്റ്റാലിന്‍ പറഞ്ഞു.
Read more
തമിഴ്നാട്ടില്‍ ഭരണം നടത്തുന്നത് ജനങ്ങളുടെ താത്പര്യം അനുസരിച്ചാണ്. താങ്കളെപ്പോലെ നാഗ്പുരിലെ മേലാളന്മാരുടെ ആജ്ഞയ്ക്കായി കാത്തു നില്‍ക്കേണ്ട കാര്യമില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കാതെ സര്‍വശിക്ഷാ അഭിയാന്‍ പ്രകാരമുള്ള ഫണ്ട് തമിഴ്നാടിന് അനുവദിക്കില്ലെന്ന ധര്‍മേന്ദ്ര പ്രധാന്റെ പരാമര്‍ശം മുന്‍പ് സംസ്ഥാനത്ത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇപ്പോള്‍ എം.പി.മാരെ കുറിച്ച് നടത്തിയ പരാമര്‍ശം പ്രതിഷേധം ശക്തമാക്കിരിക്കുകയാണ്. കോണ്‍ഗ്രസ് അടക്കം ഡി.എം.കെ. സഖ്യകക്ഷികളും മന്ത്രിക്കെതിരേ രംഗത്തെത്തിയിട്ടുണ്ട്.