തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിന്‍ ഓഗസ്റ്റില്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോര്‍ട്ട്. സ്റ്റാലിന്റെ യുഎസ് സന്ദര്‍ശനത്തിനു മുന്‍പ് ഓഗസ്റ്റ് 22നു സത്യപ്രതിജ്ഞ നടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നിലവില്‍ സ്റ്റാലിന്‍ മന്ത്രിസഭയില്‍
യുവജനക്ഷേമ കായിക വികസന മന്ത്രിയാണ് ഉദയനിധി. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം കരുണാനിധി മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയായി പിതാവ് സ്റ്റാലിന്‍ വന്ന അതേ വഴിയിലൂടെയാണ് ഉദയനിധിയുടേയും സ്ഥാനക്കയറ്റം.
സര്‍ക്കാരിലുള്ള ഉദയനിധിയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിനുംഭരണ തലത്തില്‍ സ്റ്റാലിന്റെ ഭാരം ലഘൂകരിക്കാനുമാണ് ഉദയനിധിയെ ഭരണത്തിന്റെ തലപ്പത്തേക്കെത്തിക്കുന്നതെന്നാണ് ഇക്കാര്യത്തില്‍ ഡിഎംകെ നല്‍കുന്ന വിശദീകരണം.
സുഗമമായ ഭരണം ഉറപ്പാക്കിക്കൊണ്ട് മുഖ്യമന്ത്രിയുടെ ഭാരം കുറയ്ക്കുക എന്നതാണ് ഈ നീക്കത്തിന്റെ പ്രാഥമിക ലക്ഷ്യമെന്നും മുതിര്‍ന്ന നേതാവ് പറഞ്ഞു. ഈ നീക്കം ഉദയനിധിയെ കാര്യമായ ഉത്തരവാദിത്തങ്ങള്‍ വഹിക്കാന്‍ സഹായിക്കുമെന്ന് ഡിഎംകെയുടെ ഒരു മുതിര്‍ന്ന മന്ത്രി പറഞ്ഞു, 2026 നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കം കൂടിയാവും ഉദയനിധിയുടെ സ്ഥാനക്കയറ്റമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ രാഷ്ട്രീയ മേഖലയില്‍ ഉദയനിധിയുടെ പ്രതിബദ്ധതയെക്കുറിച്ച് സമ്മിശ്ര അഭിപ്രായങ്ങളാണുള്ളതെന്ന പരാമര്‍ശത്തില്‍ സംശയങ്ങള്‍ തള്ളിക്കളയണമെന്നും സ്ഥാനം അടിച്ചേല്‍പ്പിച്ചതല്ലെന്നും ഉദയനിധി തന്നെ ആവശ്യപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ സര്‍ക്കാരിന്റെ നേതൃത്വം താത്കാലികമായി ഉപമുഖ്യമന്ത്രിക്കായിരിക്കും.