ഡൽഹി കലാപത്തിന്റെ പേരിൽ അറസ്റ്റിലായ ഉമർ ഖാലിദിന് ഒരു കേസിൽ ഡൽഹി കോടതി ജാമ്യം ലഭിച്ചു. 20,000 രൂപ ബോണ്ടും ഒരു ആൾ ജാമ്യം വ്യവസ്ഥയിലുമാണ് ജാമ്യം അനുവദിച്ചത്.
കലാപത്തിന് ആളുകളെ സംഘടിപ്പിച്ചതും പ്രേരിപ്പിച്ചതുമായ പ്രതികളെ ഇനിയും കണ്ടെത്താനും, അറസ്റ്റ് ചെയ്യാനും ഉണ്ടെന്നിരിക്കെ കേസിൽ ഉമര്‍ ഖാലിദിനെ മാത്രം നീണ്ടകാലം തടവില്‍ പാര്‍പ്പിക്കുന്നത് ശരിയല്ലെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം കലാപവുമയി ബന്ധപ്പെട്ട മറ്റ് കേസുകളിൽ യു.എ.പി.എ ചുമത്തിയതിനാൽ ഉമർ ഖാലിദിന് പുറത്തിറങ്ങാനാകില്ല.
ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഖാജുരി ഖാസ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്. ആം ആദ്മി നേതാവ് താഹിർ ഹുസൈൻ അടക്കം പതിനഞ്ചോളം പേർ ഉൾപ്പെട്ട കേസിലാണ് ഉമറിന് ജാമ്യം ലഭിച്ചത്.
ഒക്ടോബർ ഒന്നിനാണ് ഉമർ ഖാലിദ് അറസ്റ്റിലാവുന്നത്. കലാപത്തിന് പദ്ധതിയിട്ടെന്ന പേരിൽ സെപ്റ്റംബറിൽ ഉമറിന് മേൽ യു.എ.പി.എ ചുമത്തിയിരുന്നു. നവംബർ 22 നാണ് ഉമർ ഖാലിദ്, വിദ്യാർത്ഥി നേതാക്കളായ ഷർജീൽ ഇമാം, ഫൈസാൻ ഖാൻ എന്നിവർക്കെതിരെ ഡൽഹി പൊലീസ് 200 പേജുള്ള ചാർജ് ഷീറ്റ് ഫയൽ ചെയ്യുന്നത്.