ഇലക്ട്രല്‍ ബോണ്ടുകള്‍ ഉപയോഗിച്ച് അനധികൃത ഫണ്ട് ശേഖരണം; നിര്‍മ്മല സീതാരാമനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി അനധികൃത ഫണ്ട് ശേഖരിക്കാന്‍ ഇലക്ട്രല്‍ ബോണ്ടുകള്‍ ഉപയോഗിച്ചെന്ന പരാതിയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി. ജനപ്രതിനിധികളുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്ന ബംഗളൂരു ആസ്ഥാനമായുള്ള പ്രത്യേക കോടതിയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്.

നിര്‍മ്മല സീതാരാമനും മറ്റ് അഞ്ച് പേര്‍ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് കോടതി ഉത്തരവ്. ഇലക്ട്രല്‍ ബോണ്ട് ഉപയോഗിച്ച് പണം തട്ടിയെന്ന് ആരോപിച്ച് നിര്‍മ്മലയ്ക്കും മറ്റ് അഞ്ച് പേര്‍ക്കുമെതിരെയാണ് കോടതിയില്‍ പരാതി നല്‍കിയത്. ജനാധികര്‍ സംഘര്‍ഷ് പരിഷത്തിലെ ആദര്‍ശ് അയ്യരാണ് ഇതുസംബന്ധിച്ച് കോടതിയില്‍ പരാതി നല്‍കിയത്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഒരു സമ്മര്‍ദ്ദ തന്ത്രമായി മുന്നില്‍ നിര്‍ത്തി കോര്‍പ്പറേറ്റുകളെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് പരാതിയിലെ ആരോപണം. ഇത്തരത്തില്‍ ആയിരക്കണക്കിന് ബോണ്ടുകള്‍ കോര്‍പ്പറേറ്റുകളെ നിര്‍ബന്ധിച്ച് വാങ്ങാന്‍ പ്രേരിപ്പിച്ചതായും പരാതിയില്‍ ആരോപണമുണ്ട്.

ഇത്തരത്തില്‍ വിറ്റഴിച്ച ബോണ്ടുകള്‍ ദേശീയ സംസ്ഥാന ബിജെപി നേതാക്കള്‍ പണമാക്കി മാറ്റിയെന്നും പരാതിക്കാരന്‍ ആരോപിക്കുന്നുണ്ട്. ബംഗളൂരു പ്രത്യേക കോടതിയുടെ ഉത്തരവിന് പിന്നാലെ പ്രതിപക്ഷ നേതാക്കള്‍ നിര്‍മ്മല സീതാരാമനും കേന്ദ്ര സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും നിര്‍മ്മല സീതാരാമനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ബിജെപിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച സിദ്ധരാമയ്യ നിര്‍മ്മല സീതാരാമന്റെ രാജ് ബിജെപി ആവശ്യപ്പെടുമോയെന്നും ചോദിച്ചു. നരേന്ദ്രമോദി പ്രധാനമന്ത്രി സ്ഥാനം ഒഴിയണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു.