ഭീകരാക്രമണത്തിൽ വിറയ്ക്കാത്ത ഉൾക്കരുത്ത്; ഇരകൾക്ക് ജീവിതാവസാനം വരെ 'ദൈവമാ'യി മാറിയ രത്തൻ ടാറ്റ എന്ന മനുഷ്യസ്നേഹി

ഇന്ത്യയിലെ വ്യവസായ ഭീമൻ രത്തൻ ടാറ്റ വിടവാങ്ങുമ്പോൾ മുംബൈയിലെ താജ് ഹോട്ടലിനേക്കുറിച്ചും 2008ൽ അവിടെ ഉണ്ടായ തീവ്രവാദ ആക്രമണത്തെക്കുറിച്ചും ഓർമ്മിക്കാതെ പോവാനാവില്ല. ഉലയാതെ നിന്ന കരുത്തും ഒപ്പം മനുഷ്യനുകമ്പയുടെയും സഹജീവി സ്നേഹത്തിന്റെയും മുഖവുമായിരുന്നു താജ് ആക്രമണത്തിൽ രത്തൻ ടാറ്റയിൽ രാജ്യം കണ്ടത്.

ആഡംബരത്തിൻ്റെയും ചരിത്രത്തിൻ്റെയും സമന്വയമായി അറബിക്കടലിന് മുന്നിൽ മുംബൈയെ പ്രതിനിധീകരിക്കുന്ന താജ്മഹൽ പാലസ് ഹോട്ടൽ… ഹോട്ടൽ നിർമ്മിച്ചത് രത്തൻ ടാറ്റയുടെ മുത്തച്ഛൻ ജംസെറ്റ്ജി ടാറ്റയാണ്. 2008 നവംബർ 26 ആയിരുന്നു രത്തൻ ടാറ്റയുടെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ആ കറുത്ത ദിനം. താജ്മഹൽ പാലസ് ഹോട്ടൽ, ഒബ്റോയ്- ട്രൈഡൻ്റ് ഹോട്ടൽ, ചബാദ് ഹൗസ്, ലിയോപോൾഡ് കഫേ, ഛത്രപതി ശിവാജി ടെർമിനസ് എന്നീ അഞ്ചിടങ്ങളിൽ പാകിസ്ഥാനിൽ നിന്നെത്തിയ ലഷ്കർ ഇ തൊയ്‌ബ ഭീകരരാണ് ആക്രമണം അഴിച്ചുവിട്ടത്.

താജ് ഹോട്ടലിന്റെ ഉള്ളിലേക്ക് ഇരച്ചെത്തിയ തോക്കുധാരികൾ കണ്ണിൽക്കണ്ടവരെയെല്ലാം വെടിവച്ചു. ഗ്രനേഡെറിഞ്ഞു നാശം വിതച്ചു. എന്നാൽ ടാറ്റ മുന്നോട്ടുവയ്ക്കുന്ന മൂല്യങ്ങളെ മുറുകെപിടിച്ച ഹോട്ടലിലെ ജീവനക്കാർ അസാധാരണമായ ധൈര്യം പ്രകടിപ്പിച്ചു. അവർ സ്വന്തം ജീവൻ കളഞ്ഞുപോലും അതിഥികളെ സുരക്ഷിതരാക്കാൻ തുടങ്ങി. അതിഥികളെ മേശയ്ക്കടിയിൽ ഒളിപ്പിക്കുകയും ഭീകരരുടെ കണ്ണുവെട്ടിച്ച് ഹോട്ടലിന് പുറത്തേത്തിക്കുകയും ചെയ്തു.

നവംബർ 26 മുതൽ 29 വരെ നീണ്ട 60 മണിക്കൂർ ഉപരോധത്തിൽ 166 പേർ കൊല്ലപ്പെടുകയും 300ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. താജിന് ഉണ്ടായ നഷ്ട്ടം 400 കോടിയിലധികവും. സംഭവങ്ങൾ നടക്കുമ്പോൾ 70 വയസായിരുന്നു ടാറ്റ, ആ സമയം തന്റെ സുഖങ്ങളെല്ലാം വിട്ടെറിഞ്ഞ് ഹോട്ടലിലേക്ക് ഓടിയെത്തി. കത്തിയെരിയുന്ന ഹോട്ടലിന്റെ കൊളാബ എൻഡില്‍ നിന്ന് എൻഎസ്‌ജിയുടെയും പോലീസിന്റെയും രക്ഷാപ്രവർത്തനം നിരീക്ഷിച്ചു. ഭീകരരുടെ വെടിയൊച്ചകള്‍ക്കിടയിലും ഗ്രനേഡ് ആക്രമണങ്ങള്‍ക്കു നടുവിലും മൂന്ന് ദിനങ്ങൾ കഴിച്ചുകൂട്ടിയ തന്റെ ജീവനക്കാർക്കും അന്ന് കൊല്ലപ്പെട്ട ജീവനക്കാരുടെ കുടുംബത്തിന് മുന്നിലും പിന്നീട് ടാറ്റ ദൈവമാവുകയായിരുന്നു. അവരുടെയെല്ലാം പിന്നീടുള്ള ജീവിതത്തിന്റെ നെടുംതൂൺ രത്തൻ ടാറ്റയായിരുന്നു.

പരിക്കേറ്റവരെ ആശുപത്രികളിൽ സന്ദർശിച്ച അദ്ദേഹം, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ ആശ്വസിപ്പിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ, താജ് പബ്ലിക് സർവീസ് വെൽഫെയർ ട്രസ്റ്റ് സ്ഥാപിച്ചു. ആക്രമണത്തിൽ കൊല്ലപ്പെട്ട ജീവനക്കാരുടെ കുടുംബങ്ങൾക്ക് 36 ലക്ഷം മുതൽ 85 ലക്ഷം രൂപ വരെ ധനസഹായം നൽകി. അവരുടെ പ്രിയപ്പെട്ടവരുടെ വിരമിക്കുന്ന തീയതി വരെ ആ കുടുംബങ്ങൾക്ക് മുഴുവൻ ശമ്പളവും നൽകി, അവരുടെ കുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുമെന്ന് ഉറപ്പാക്കി, കുടുംബാംഗങ്ങൾക്കു ജീവിതാവസാനം വരെ വൈദ്യസഹായം ഉറപ്പാക്കി….

മുബൈ ആക്രമണത്തിന്റെ 12-ാം വാർഷികത്തിൽ 2020ലെഴുതിയ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ‘ഒരിക്കലും മറക്കാനാകാത്ത നാശമെന്നായിരുന്നു താജ് ആക്രമണത്തെ രത്തൻ ടാറ്റ വിശേഷിപ്പിച്ചത്. “നമുക്ക് നഷ്ടമായവരുടെ വിയോഗത്തില്‍ വിലപിക്കാം, ശത്രുക്കളെ കീഴടക്കിയ ധീരന്മാരെ ആദരിക്കാം. നമ്മള്‍ ഓർക്കേണ്ടത് ഐക്യവും ദയവും നിറഞ്ഞ പ്രവർത്തനങ്ങളെയാണ്. അത് വരും വർഷങ്ങളിലും തുടരുമെന്ന് പ്രതീക്ഷിക്കാം,” രത്തൻ ടാറ്റ കുറിച്ചു.

‘2008ലെ മുംബൈ ആക്രമണത്തിന് ശേഷം അദ്ദേഹം കാണിച്ച നിശ്ചയദാർഢ്യം എല്ലാവരും എപ്പോഴും ഓർക്കും. അദ്ദേഹത്തിൻ്റെ ഉറച്ച തീരുമാനങ്ങളും ധീരമായ മനോഭാവവും സാമൂഹിക പ്രതിബദ്ധതയും എന്നും ഓർമ്മിക്കപ്പെടും’ എന്നാണ് ടാറ്റായുടെ വിയോഗത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ എഴുതിയത്.