കോവിഡിന്റെ രണ്ടാം തരംഗത്തില്‍ തൊഴിലില്ലായ്മ നിരക്ക് നാല് മാസത്തിനിടയിലെ ഉയർന്ന നിലയിലെത്തി. അതി തീവ്രമായ കോവിഡ് വ്യാപനം മൂലം പല സംസ്ഥാനങ്ങളും പ്രാദേശിക ലോക്ഡൗണുകൾ പ്രഖ്യാപിച്ചതോടെയാണ് സ്ഥിതി രൂക്ഷമായത്.
പ്രാദേശിക ലോക്ഡൗണുകളെ തുടർന്ന് 70 ലക്ഷം പേർക്കെങ്കിലും തൊഴിൽ നഷ്ടമായെന്നാണ് കണക്കാക്കുന്നത്. മെയ് മാസത്തിനുള്ളിൽ കോവിഡിനെ പിടിച്ചുകെട്ടാൻ കഴിഞ്ഞില്ലെങ്കിൽ സ്ഥിതി രൂക്ഷമാകുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
നിലവിൽ എട്ട് ശതമാനമാണ് ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക്. മാർച്ചിൽ ഇത് 6.5 ശതമാനം മാത്രമായിരുന്നു. സെൻറർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമിയെന്ന സ്ഥാപനമാണ് പഠനം നടത്തിയത്. നഗരപ്രദേശങ്ങളിൽ 9.78 ശതമാനവും ഗ്രാമീണമേഖലയിൽ 7.13 ശതമാനവുമാണ് തൊഴിലില്ലായ്മ നിരക്ക്.
അസംഘടിത മേഖലയെയാണ് കോവിഡ് കൂടുതലായി ബാധിച്ചതെന്നും പഠനത്തിൽ പറയുന്നു. ഈ മേഖലയിലാണ് കൂടുതൽ തൊഴിൽ നഷ്ടമുണ്ടായിരിക്കുന്നത്. അതേസമയം, 2020ൽ കോവിഡിൻറെ ഒന്നാം തരംഗം ഉണ്ടായപ്പോൾ സമ്പദ്വ്യവസ്ഥക്കുണ്ടായ തിരിച്ചടി പോലൊന്ന് ഇപ്പോഴുണ്ടാവില്ലെന്നും വിദഗ്ധർ വ്യക്തമാക്കുന്നു. ലോക്ഡൗൺ പ്രഖ്യാപിച്ചാലും ഇല്ലെങ്കിലും ഇന്ത്യയിൽ കോവിഡ് വ്യാപനത്തിൻറെ തോത് എത്രയും പെട്ടെന്ന് കുറഞ്ഞില്ലെങ്കിലും സമ്പദ്വ്യവസ്ഥയിൽ അത് കടുത്ത പ്രതിസന്ധിയുണ്ടാക്കുമെന്ന് തന്നെയാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.