രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ ലോകസഭയില്‍ അവതരിപ്പിക്കും. പൊതു തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ ഇടക്കാല ബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുക.
തിരഞ്ഞെടുപ്പ് വര്‍ഷത്തില്‍ നിലവിലെ സര്‍ക്കാര്‍ പൂര്‍ണ ബജറ്റ് അവതരിപ്പിക്കാറില്ല. ഹ്രസ്വകാലത്തേയ്ക്ക് വരുന്ന ചെലവും പ്രതീക്ഷിക്കുന്ന വരവും അടങ്ങുന്ന ഇടക്കാല ബജറ്റാണ് അവതരിപ്പിക്കാറ്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പൂര്‍ണ ബജറ്റ് അവതരിപ്പിക്കുന്നതാണ് രീതി. ഒരു സാമ്പത്തിക വര്‍ഷം മുഴുവനായി പ്രതീക്ഷിക്കുന്ന വരവും ചെലവും അടങ്ങുന്ന സാമ്പത്തിക രേഖയാണ് പൂര്‍ണ ബജറ്റ്.
ഇടക്കാല ബജറ്റില്‍ സര്‍ക്കാരിന്റെ ചെലവ്, വരുമാനം, ധനക്കമ്മി, സാമ്പത്തിക പ്രകടനം, ഏതാനും മാസത്തേക്കുള്ള പ്രവചനങ്ങള്‍ എന്നിവയുടെ എസ്റ്റിമേറ്റ് ഉള്‍പ്പെടുന്നു. സാധാരണയായി ഇടക്കാല ബജറ്റ് അവതരണ വേളയില്‍ വലിയ നയപ്രഖ്യാപനങ്ങള്‍ ഉണ്ടാവാറില്ല. പുതിയ സര്‍ക്കാരിന് ബുദ്ധിമുട്ട് സൃഷ്ടിക്കാതിരിക്കാനാണ് ഈ കീഴ് വഴക്കം.
ബിജെപി വോട്ടുബാങ്കായ മധ്യവര്‍ഗത്തെ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളും ഉണ്ടാകും. ആദായ നികുതിയില്‍ വലിയ ഇളവുകള്‍ക്ക് സാധ്യത നിലനില്‍ക്കുന്നു. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയിലുള്ള വനിത കര്‍ഷകര്‍ക്ക് ആറായിരത്തില്‍ നിന്ന് 12,000 രൂപയാക്കി സഹായം വര്‍ധിപ്പിച്ചേക്കും.
രാജ്യത്ത് ആകെ സ്ത്രീ കര്‍ഷകരില്‍ തന്നെ 13 ശതമാനത്തോളം പേര്‍ക്ക് മാത്രമാണ് ഭൂമിയുള്ളതെന്നതിനാല്‍ വലിയ ബാധ്യതക്ക് വഴിവെക്കില്ലെന്നതും പ്രഖ്യാപനത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. മധ്യപ്രദേശില്‍ സ്ത്രീകള്‍ക്കുള്ള ലാഡ്‌ലി ബഹന്‍ യോജന നിയമസഭ തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ സ്വാധീനവും ബിജെപി കണക്കിലെടുക്കാനാണ് സാധ്യത. ധനകമ്മി നിയന്ത്രിക്കാനുള്ള ഇടപെടലും സര്‍ക്കാര്‍ തുടരുമെന്നാണ് സൂചന. ബജറ്റ് അവതരിപ്പിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ ഓഹരി വിപണിയും ഇന്നു കുതിക്കുമെന്നാണ് അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നത്.