ദേശീയ ആരോഗ്യസുരക്ഷയ്ക്ക് വമ്പന്‍ പദ്ധതി

ബിജെപി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ്ണ ബജറ്റില്‍ ആരോഗ്യസുരക്ഷയ്ക്കായി വമ്പന്‍ പദ്ധതി. 50 കോടി ജനങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ലേകത്തിലെ തന്നെ വലിയ ആരോഗ്യസുരക്ഷ പദ്ധതിയാണ് ജയ്റ്റ്ലി പ്രഖ്യാപിച്ചിരിക്കുന്നത്.

10 കോടി ദരിദ്രകുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ചികിത്സാസഹായം ലഭിക്കുന്ന തരത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ലോകത്തെ തന്നെ ഏറ്റവും വലിയ ഹെല്‍ത്ത് കെയര്‍ പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് അരുണ്‍ ജെയ്റ്റ്ലി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത്. രാജ്യവ്യാപകമായി സര്‍ക്കാര്‍ ജില്ലാ ആശുപത്രികള്‍ മെഡിക്കല്‍ കോളേജായി ഉയര്‍ത്താനുള്ള പദ്ധതിയും നടപ്പാക്കുന്നുണ്ട്. അതോടൊപ്പം തന്നെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഓരോ മൂന്ന് പാര്‍ലമെന്‍റ് മണ്ഡലങ്ങള്‍ക്കുമായി ഒരു മെഡിക്കല്‍ കോളജ് എന്ന നിലയിലേക്ക് ഉയര്‍ത്തും.

പദ്ധതിയുടെ ഭാഗമായി ഒന്നരലക്ഷം പുതിയ ആരോഗ്യകേന്ദ്രങ്ങള്‍ ആരംഭിക്കും. പാവപ്പെട്ട എല്ലാ കുടുംബങ്ങളെയും അപകട ഇന്‍ഷുറസിന്റെ പരിധിയില്‍ കൊണ്ടുവരും. ഉത്തര്‍പ്രദേശില്‍ 24 മെഡിക്കല്‍കോളേജുകള്‍ പുതുതായി പ്രഖ്യാപിച്ചിട്ടുണ്ട്.