രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ഇന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്ഡ അവതരിപ്പിക്കും. തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ ബജറ്റ് ജനപ്രിയമാകുമെന്ന പ്രതീക്ഷയിലാണ് രാജ്യം.
പേപ്പര്‍ലെസ്’ ബജറ്റാണ് ഇത്തവണയും ധനമന്ത്രി അവതരിപ്പിക്കുന്നത്. കൂടാതെ ബജറ്റിന്റെ അച്ചടിച്ച കോപ്പി ഉണ്ടാകില്ല പകരം പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ആപ്പില്‍ ഇത് ലഭ്യമാക്കും.
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ധനക്കമ്മി കുറയ്ക്കുന്നതിനും സാമ്പത്തിക വളര്‍ച്ചയ്ക്കും വിലക്കയറ്റവും നാണ്യപ്പെരുപ്പവും നിയന്ത്രിക്കുന്നതിനുമാകും ഇത്തവണ ബജറ്റില്‍ പ്രാമുഖ്യം. കൃഷി, ഗ്രാമീണ സമ്പദ്വ്യവസ്ഥ, ആരോഗ്യം, അടിസ്ഥാന സൗകര്യവികസനം, വിദ്യാഭ്യാസം എന്നിവയ്ക്ക് മുന്‍ഗണന ലഭിക്കും. കേരളവും ബജറ്റ് പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്.
ബജറ്റില്‍ ഇത്തവണയെങ്കിലും എയിംസ് ഇടം പിടിക്കുമോ എന്നാണ് കേരളം നോക്കുന്നത്. കടമെടുപ്പ് പരിധി ഉയര്‍ത്തുന്നതും ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടുന്നതും മിക്ക സംസ്ഥാനങ്ങളുടെയും ആവശ്യമാണ്. 2017ന് മുമ്പുള്ള സ്ഥിതിയിലേക്ക് കടമെടുപ്പ് പരിധി സ്ഥാപിക്കണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്.
തൊഴിലുറപ്പ് പദ്ധതിയുടെ അടക്കം വകയിരുത്തല്‍ ഉയര്‍ത്തണം. സില്‍വര്‍ ലൈന്‍, ശബരി റെയില്‍, ശബരി വിമാനത്താവള പദ്ധതികള്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങളില്‍ ഒരു അനുകൂല സ്ഥിതിയ്ക്കായാണ് ഈ ബജറ്റില്‍ കേരളം ഉറ്റുനോക്കുന്നത്.