കഴിഞ്ഞ ദിവസം കേന്ദ്ര പരിസ്ഥിതി സഹമന്ത്രി ബാബുൽ സുപ്രിയോ ജാദവ്പൂർ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയെ കയ്യേറ്റം ചെയ്യുന്നതിന്റെ ഫോട്ടോ “ദി ടെലിഗ്രാഫ്,” വെള്ളിയാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. ഇതേതുടർന്ന് ബാബുൽ സുപ്രിയോ “ദി ടെലിഗ്രാഫ്” ദിനപത്രത്തിന്റെ പത്രാധിപരും മലയാളിയുമായ ആർ. രാജഗോപാലിനെ ഭീഷണിപ്പെടുത്തി. ശനിയാഴ്ചയാണ് ബാബുൽ സുപ്രിയോ പത്രാധിപരെ വിളിച്ച് ഭീഷണിപ്പെടുത്തിയത്. അതേസമയം ബാബുൽ സുപ്രിയോ എഡിറ്റർ ആർ. രാജഗോപാലിനെ ഭീഷണിപ്പെടുത്തി തൊട്ടടുത്ത ദിവസം തന്നെ മന്ത്രിയുടെ ഭീഷണി തന്നെ വാർത്തയാക്കി “ദി ടെലിഗ്രാഫ്” തിരിച്ചടിച്ചു.
ശനിയാഴ്ച വൈകുന്നേരം, ടെലിഗ്രാഫിന്റെ സായാഹ്ന വാർത്താ യോഗത്തിനിടെ, രാജഗോപാലിന് ബാബുൽ സുപ്രിയോയിൽ നിന്ന് ഒരു കോൾ ലഭിച്ചു, തുടർന്ന് മന്ത്രി പത്രാധിപരിൽ നിന്നും പത്രത്തിൽ നിന്നും ‘സൗഹാര്‍ദ്ദപരമായ ക്ഷമാപണം’ ആവശ്യപ്പെടുകയായിരുന്നു. പത്രത്തിന്റെ എഡിറ്ററെ ഫോണിൽ വിളിച്ചിരുന്നതായി ബാബുൽ സുപ്രിയോ തന്നെ ട്വീറ്റിൽ പ്രഖ്യാപിച്ചു. “ദി ടെലിഗ്രാഫ് പത്രത്തിന്റെ അഹങ്കാരിയായ എഡിറ്റർ മിസ്റ്റർ രാജഗോപാലിനെ ഞാൻ ടെലിഫോണിൽ വിളിക്കുകയും അദ്ദേഹം വൃത്തികെട്ട ഭാഷയിൽ എന്നെ അധിക്ഷേപിക്കുകയും ചെയ്തു. ഒരു ജെ.യു വിദ്യാർത്ഥിയുടെ കുത്തിന് ഞാൻ പിടിച്ചെന്ന തെറ്റായ വാർത്ത ഒന്നാം പേജിൽ തന്നെ പത്രം കൊടുത്തു, യഥാർത്ഥത്തിൽ സംഭവിച്ചത് നേരെ തിരിച്ചായതിനാൽ തന്നെ ഒരു ചെറിയ ക്ഷമാപണം അച്ചടിക്കണമെന്ന് ആവശ്യപ്പെട്ടതിനായിരുന്നു ഇത്,” കേന്ദ്രസഹമന്ത്രി ശനിയാഴ്ച ട്വീറ്റ് ചെയ്തു.
ദി ടെലിഗ്രാഫിൽ നിന്ന് ക്ഷമാപണം ബാബുൽ സുപ്രിയോ ആവശ്യപ്പെട്ടതായി ദി ടെലിഗ്രാഫിൽ ഞായറാഴ്ച വന്ന ലേഖനത്തിൽ പറയുന്നു. എന്തിനാണ് ക്ഷമാപണം നടത്തേണ്ടതെന്ന് പത്രാധിപർ ആർ. രാജഗോപാൽ അദ്ദേഹത്തോട് ചോദിച്ചപ്പോൾ, “ഞാൻ ആരെയും കുത്തിന് പിടിച്ചിട്ടില്ല, പകരം എന്റെ ഷർട്ട് വലിച്ചുകീറി എന്നെ തള്ളിമാറ്റുകയായിരുന്നു. അത് ഒരു പെൺകുട്ടിയായിരുന്നില്ല മറിച്ച് വീഡിയോയിൽ വ്യക്തമായി കാണുന്നതുപോലെ താടിയുള്ള ഒരു പയ്യനായിരുന്നു. തെറ്റായതും പക്ഷപാതപരവുമായ റിപ്പോർട്ടിംഗിന് ടെലിഗ്രാഫ് നാളെ ക്ഷമ ചോദിക്കുന്നില്ലെങ്കിൽ, ഞാൻ കേസെടുക്കും ” എന്ന് ബാബുൽ സുപ്രിയോ പറഞ്ഞു.
സംഭാഷണത്തിന്റെ ഒരു ഘട്ടത്തിൽ, താൻ ഒരു കേന്ദ്രമന്ത്രിയോട് സംസാരിക്കുന്നതെന്ന് ബാബുൽ സുപ്രിയോ എഡിറ്ററെ ഓർമ്മപ്പെടുത്തി, എന്നിട്ട് രാജഗോപാലിനോട് ചോദിച്ചു, “നിങ്ങൾ ഒരു മാന്യനല്ലേ?” ഇതിന് എഡിറ്റർ ഇങ്ങനെ മറുപടി നൽകി: “ഞാൻ ഒരു മാന്യനല്ല, ഞാൻ ഒരു പത്രപ്രവർത്തകനാണ്…. നിങ്ങൾ ഒരു കേന്ദ്ര മന്ത്രിയാകാം, പക്ഷേ ഞാൻ ഈ രാജ്യത്തെ ഒരു പൗരനാണ്. ”
ടെലിഗ്രാഫ് പറയുന്നതനുസരിച്ച്, മറ്റൊരു ഘട്ടത്തിൽ, മന്ത്രി രാജഗോപാലിനോട് ചോദിച്ചു, “നിങ്ങളെ ആരെങ്കിലും വിലക്കെടുത്തിരിക്കുകയാണോ? (“Are you sold out? Are you f***ing sold out?”) തുടർന്ന് പ്രസിദ്ധീകരണം ഇരുവരുടെയും സംഭാഷണത്തെക്കുറിച്ച് ഒരു ലേഖനം പ്രസിദ്ധീകരിക്കുമെന്ന് പ്രസ്താവിച്ചുകൊണ്ട് എഡിറ്റർ കോൾ വിച്ഛേദിച്ചു.
സംഭാഷണം രണ്ട് വ്യക്തികൾ തമ്മിലുള്ള ആശയവിനിമയത്തിന് അപ്പുറത്തേക്ക് പോയതിനാലാണ് ലേഖനം പ്രസിദ്ധീകരിക്കുന്നതെന്ന് ടെലിഗ്രാഫ് അറിയിച്ചു. ഒരു ചെറിയ ക്ഷമാപണത്തിനായുള്ള അഭ്യർത്ഥനയിൽ തുടങ്ങി “ഒരു പത്രത്തെ വരുതിയിലാക്കാൻ“ സർക്കാരിന്റെ ഒരു പ്രതിനിധി ഭീഷണിപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്യുന്നതെങ്ങനെ എന്ന് ഇതിൽ നിന്നും വ്യക്തമാണെന്നും ടെലിഗ്രാഫ് പറയുന്നു.
Read more
ജാദവ്പൂര്‍ സര്‍വ്വകലാശാലയില്‍ എ.ബി.വി.പി സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ ബാബുല്‍ സുപ്രിയോയെ ഇടതുപക്ഷ വിദ്യാര്‍ഥികള്‍ ക്യാമ്പസില്‍ കയറാന്‍ അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് വിദ്യാര്‍ഥികളുമായി ഉണ്ടായ തര്‍ക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.