'അവിവാഹിതൻ, പോണ്‍ വീഡിയോകള്‍ക്ക് അടിമ'; എയര്‍ഹോസ്റ്റസിനെ വെന്റിലേറ്ററില്‍ പീഡിപ്പിച്ച പ്രതി പിടിയില്‍

ഹരിയാനയിലെ ഗുരുഗ്രാമില്‍ എയര്‍ഹോസ്റ്റസിനെ വെന്റിലേറ്ററില്‍ പീഡിപ്പിച്ച പ്രതി പിടിയില്‍. ബിഹാര്‍ സ്വദേശീയ ദീപക് (25) ആണ് പിടിയിലായത്. ഇയാൾ ആശുപത്രിയിലെ ടെക്‌നീഷ്യനായിരുന്നു. അതേസമയം താൻ പോണ്‍ വീഡിയോകള്‍ക്ക് അടിമയാണെന്ന് പ്രാഥമിക ചോദ്യം ചെയ്യലില്‍ പ്രതി പൊലീസിനോട് പറഞ്ഞു.

പരാതി നല്‍കി അഞ്ച് ദിവസത്തിന് ശേഷമാണ് പ്രതി പിടിയിലാവുന്നത്. ഏപ്രില്‍ 6 നായിരുന്നു കേസിനാസ്പദമായ സംഭവം. സിസിടിവി ക്യാമറകള്‍ പരിശോധിച്ചതില്‍ നിന്നും ആശുപത്രി ജീവനക്കാരെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്. ഏകദേശം 800 സിസിടിവി ക്യാമറകള്‍ പൊലീസ് പരിശോധിച്ചു.

അതേസമയം താന്‍ അവിവാഹിതനാണെന്നും പോണ്‍ വീഡിയോകള്‍ക്ക് അടിമയാണെന്നുമായിരുന്നു പ്രാഥമിക ചോദ്യം ചെയ്യലില്‍ പ്രതി പൊലീസിനോട് പറഞ്ഞത്. എസ്ജിടി സര്‍വ്വകലാശാലയില്‍ നിന്നും ബിഎസ്‌സി (ഓപ്പറേഷൻ തിയറ്റർ ടെക്നോളജി) കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം അഞ്ച് മാസങ്ങള്‍ക്ക് മുമ്പാണ് പ്രതി ജോലിയില്‍ പ്രവേശിച്ചത്.

അതേസമയം പ്രതിയെ കൂടാതെ മറ്റു രണ്ട് നേഴ്‌സുമാര്‍ കൂടി മുറിയില്‍ ഉണ്ടായിരുന്നുവെന്നും കൃത്യം നടക്കുമ്പോള്‍ പ്രതിയെ ഇരുവരും തടഞ്ഞില്ലെന്നും അതിജീവിതയായ എയര്‍ഹോസ്റ്റസ് പൊലീസിനോട് പറഞ്ഞു. ഏപ്രില്‍ അഞ്ചിനായിരുന്നു എയര്‍ഹോസ്റ്റസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏപ്രില്‍ 13 ന് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയ ശേഷമാണ് യുവതി ഭര്‍ത്താവിനോട് താന്‍ നേരിടേണ്ടി വന്ന ദുരനുഭവം തുറന്നു പറഞ്ഞത്.

Read more