ഉത്തർപ്രദേശിലെ ഉനാവോയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി കുൽദീപ് സിംഗ് സെംഗാറിന്റെ തോക്ക് കൈവശം വയ്ക്കാനുള്ള ലൈസൻസ് റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. ഒറ്റ ബാരൽ തോക്ക്, ഒരു റൈഫിൾ, റിവോൾവർ എന്നിവ കൈവശം വയ്ക്കാൻ കുൽദീപ് സെംഗാറിന് ലൈസൻസുണ്ടായിരുന്നു.
ബലാത്സംഗക്കേസിൽ യു.പിയിലെ ബംഗർമൗവിൽ നിന്നുള്ള നിയമസഭാംഗമായ സെംഗാറിനെ 2018 ഏപ്രിൽ 13 നാണ് സി.ബി.ഐ അറസ്റ്റ് ചെയ്‌തത്. സെംഗാർ ഇപ്പോൾ സീതാപൂർ ജില്ലാ ജയിലിലാണ്.
ഞായറാഴ്ച യു.പിയിലെ റായ് ബറേലി ജില്ലയിൽ ഉന്നാവോ പെൺകുട്ടി കാറിൽ സഞ്ചരിക്കവേ ട്രക്ക് ഇടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു എന്ന കേസും സെംഗാറിനെതിരെ സി.ബി.ഐ ഫയൽ ചെയ്തിട്ടുണ്ട്. ട്രക്ക് ഇടിച്ച് പെൺകുട്ടിയുടെ രണ്ട് അമ്മായിമാർ മരിച്ചിരുന്നു. പെൺകുട്ടിയും അവരുടെ അഭിഭാഷകനും ലഖ്‌നൗ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്.