ഉന്നാവോ സംഭവം: രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് സുപ്രീം കോടതി; അന്വേഷണം ഏഴു ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് സി.ബി.ഐയ്ക്ക് നിര്‍ദ്ദേശം

ഉന്നാവോ സംഭവത്തില്‍ പൊട്ടിത്തെറിച്ച് സുപ്രീംകോടതി. പെണ്‍കുട്ടിയ്ക്ക് സംഭവിച്ച വാഹനാപകട കേസില്‍ ഏഴു ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് സി ബി ഐയോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നിര്‍ദ്ദേശിച്ചു. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒരു മാസം സമയമെടുക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചെങ്കിലും ചീഫ് ജസ്റ്റിസ് സമ്മതിച്ചില്ല.

എത്ര ദിവസംകൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കാമെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ ചോദ്യം. ഒരു മാസം സമയമെടുക്കുമെന്ന് തുഷാര്‍ മെഹ്ത കോടതിയെ അറിയിച്ചു. എന്നാല്‍ അത് നടക്കില്ലെന്നും ഏഴു ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശം നല്‍കുകയായിരുന്നു. ഉന്നാവ് പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലെയും വിധി വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് പ്രസ്താവിക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.

ഉന്നാവ് കേസിലെ അന്വേഷണത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് ചീഫ് ജസ്റ്റിസ് ഉന്നയിച്ചത്. ഈ കേസില്‍ നിയമപ്രകാരം എന്തെങ്കിലും നടക്കുന്നുണ്ടോ എന്നും ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.

പെണ്‍കുട്ടിയുടെ നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ചും ചീഫ് ജസ്റ്റിസ് സോളിസിറ്റര്‍ ജനറലിനോട് വിവരം ആരാഞ്ഞു. പെണ്‍കുട്ടി നിലവില്‍ വെന്റിലേറ്ററിലാണെന്നായിരുന്നു തുഷാര്‍ മെഹ്തയുടെ മറുപടി. പെണ്‍കുട്ടിയ്ക്ക് യാത്രചെയ്യാന്‍ കഴിയുന്ന അവസ്ഥയാണെങ്കില്‍ എയര്‍ ലിഫ്റ്റിലൂടെ ഡല്‍ഹി എയിംസിലേക്കെത്തിക്കാന്‍ കോടതി ഉത്തരവിടാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

അതിനിടെ, പെണ്‍കുട്ടി ചീഫ് ജസ്റ്റിസിന് അയച്ച കത്ത് ലഭിക്കാന്‍ വൈകിയതില്‍ സുപ്രീം കോടതി സെക്രട്ടറി ജനറലും കോടതിയില്‍ വിശദീകരണം നല്‍കി. ഉന്നാവ് പെണ്‍കുട്ടിയുടെ പേര് അറിയാതിരുന്നതാണ് കത്ത് ലഭിക്കാന്‍ വൈകിയതിന് കാരണമെന്നും ഈ മാസം മാത്രം 6800 കത്തുകള്‍ സുപ്രീം കോടതിയില്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.