വരുന്ന തിരഞ്ഞെടുപ്പ് 80 – 20 പോരാട്ടമെന്ന വിവാദ പരാമർശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനത്തിലെ മതപരമായ വിഭജനത്തെ സൂചിപ്പിക്കുന്നതാണ് ആദിത്യനാഥ് ഉദ്ധരിച്ച കണക്കുകൾ. യുപിയിലെ ഹിന്ദു-മുസ്ലിം അനുപാതത്തോട് ചേർന്ന് പോകുന്നതാണിത്.
ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നൗവിൽ ഒരു സ്വകാര്യ വാർത്താ ചാനൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കവെയാണ് യോഗി ആദിത്യനാഥിനോട് യുപിയിലെ ബ്രാഹ്മണ വോട്ടുകളെ കുറിച്ചുള്ള ചോദ്യം ചോദിച്ചത്. “മത്സരം വളരെ മുന്നോട്ട് പോയി, പോരാട്ടം ഇപ്പോൾ 80 ഉം 20 ഉം തമ്മിലാണ്,”യോഗി കൂട്ടിച്ചേർത്തു. 19 ആണെന്നാണല്ലോ ഒവൈസി(എ ഐ എം ഐ എം നേതാവ്) പറയുന്നതെന്ന് അവതാരകൻ പറഞ്ഞു. തുടർ ചോദ്യങ്ങൾ മുഖ്യമന്ത്രി വെട്ടിച്ചുരുക്കി.
“80 ശതമാനവും ദേശീയതയുടെയും സദ്ഭരണത്തിന്റെയും വികസനത്തിന്റെയും പിന്തുണക്കുന്നവരാണ്. എതിർക്കുന്ന 15 – 20 പേര് മാഫിയകളുടെയും ക്രിമിനലുകളുടെയും കർഷക വിരുദ്ധരുടെയും ഒപ്പമാണ്. അതിനാൽ, ഈ 80-20 പോരാട്ടത്തിൽ, ‘താമര’യാണ് വഴി കാണിക്കുന്നത്”- യോഗി പറഞ്ഞു.