ബന്ധുക്കളെ വീട്ടിനുള്ളില്‍ പൂട്ടിയിട്ടു, അവസാനമായി കാണാന്‍ പോലും അനുവദിച്ചില്ല; പെൺകുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചത് പൊലീസ് കാവലില്‍ ബലം പ്രയോഗിച്ച്

ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് യുവതിയുടെ മൃതദേഹം കുടുംബത്തിൻറെ എതിർപ്പ് മറികടന്ന് സംസ്‌കരിച്ചതിനെതിരെ പ്രതിഷേധം ആളിക്കത്തുന്നു. യുവതിയുടെ കുടുംബാംഗങ്ങളെ വീടിനുള്ളില്‍ പൂട്ടിയിട്ടാണ് യു.പി പൊലീസ് ഏകപക്ഷീയമായി മൃതദേഹം ഏറ്റെടുത്ത് സംസ്‌കരിച്ചതെന്നാണ് ആരോപണം. കനത്ത പൊലീസ് കാവലില്‍ പൊലീസ് സൂപ്രണ്ട്, ജില്ലാ മജിസ്‌ട്രേറ്റ്, ജോയിന്റ് മജിസ്‌ട്രേറ്റ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ മൃതദേഹം ദഹിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. മകളെ അവസാനമായി ഒരുനോക്ക് കാണാനോ സംസ്‌കാരചടങ്ങുകള്‍ നടത്താനോ മാതാപിതാക്കളെ പൊലീസ് അനുവദിച്ചില്ല. കുടുംബാംഗങ്ങളുടെ എതിര്‍പ്പും പ്രതിഷേധവും അവഗണിച്ചാണ് പൊലീസുകാര്‍ മൃതദേഹം ശ്മശാനത്തിലേക്ക് മാറ്റിയത്. പൊലീസ് നടപടി തടസ്സപ്പെടുത്താന്‍ ബന്ധുക്കള്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

പെണ്‍കുട്ടിയുടെ മരണത്തില്‍ ഡല്‍ഹിയില്‍ ഉള്‍പ്പെടെ പ്രതിഷേധം ശക്തമാവുന്നതിനിടെയാണ് ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ 20- കാരിയുടെ മൃതദേഹം ജന്മനാടായ ഹത്രാസില്‍ എത്തിച്ചതും പൊലിസ് ബലം പ്രയോഗിച്ച് സംസ്‌കരിച്ചതും. ക്രൂരമായി പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയോട് ഒരു തരത്തിലുമുള്ള മനുഷ്യത്വപരമായ നടപടിയും സ്വീകരിക്കാതെയായിരുന്നു സംസ്‌കാരം എന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. സംസ്‌കാരം നടത്തുന്നതിന്റെയും പോലീസ് നടപടിയുടേയും നാട്ടുകാരുടെ പ്രതിഷേധത്തിന്റെയും ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

പലയിടത്തു വെച്ചും ആംബുലന്‍സ് തടയാന്‍ ശ്രമിച്ചിരുന്നു. ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ നിന്ന് ഹത്രാസില്‍ എത്തിച്ച മൃതദേഹം, ബുധനാഴ്ച പുലര്‍ച്ചെ 2.45- ഓടെയാണ്‌ സംസ്‌കരിച്ചത്. യുവതിയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടു പോകണമെന്ന് പലവട്ടം ആവശ്യപ്പെട്ടെങ്കിലും യു.പി. പൊലീസ് അത് അനുവദിച്ചില്ല. മാധ്യമ പ്രവര്‍ത്തകരെയും പ്രതിഷേധക്കാരെയും മനുഷ്യമതില്‍ തീര്‍ത്ത് പൊലീസ് മൃതദേഹം സംസ്‌കരിക്കുന്ന സ്ഥലത്തു നിന്ന് അകറ്റി നിര്‍ത്തി മൃതദേഹം ദഹിപ്പിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ മൃതദേഹം ബലം പ്രയോഗിച്ച് സംസ്‌കരിക്കാനാവില്ലെന്ന് വ്യക്തമാക്കി പ്രദേശവാസികള്‍ ആംബുലന്‍സിന് മുന്നില്‍ തടിച്ച് കൂടുകയും പ്രതിഷേധിക്കുകയും ചെയ്തു. എന്നാല്‍ ഇവരെ നീക്കിയ പൊലീസ് ബാരിക്കേഡുകള്‍ ഉള്‍പ്പെടെ സ്ഥാപിച്ച് ആളുകളെ ദൂരെ മാറ്റിയാണ് സംസ്‌കാരം നടത്തിയത്.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്കാഗാന്ധി തുടങ്ങി രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക രംഗത്തെ നിരവധി പ്രമുഖര്‍ സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നു.

“പെണ്‍കുട്ടിയെ ആദ്യം ചില പുരുഷന്മാര്‍ ചേര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്തു ഇന്നലെ മുഴുവന്‍ വ്യവസ്ഥിതിയും അവളെ ക്രൂരമായി പീഡിപ്പിച്ചു. നടന്ന മുഴുവന്‍ സംഭവങ്ങളും വളരെയധികം വേദനയുണ്ടാക്കുന്നതാണ്.” ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.

മൃതദേഹം സംസ്‌കരിച്ച രീതിയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും അപലപിച്ചു.” ഇന്ത്യയുടെ ഒരു മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയിരിക്കുന്നു. വസ്തുതകള്‍ അടിച്ചമര്‍ത്തപ്പെട്ടു, അവസാനം അന്ത്യകര്‍മ്മങ്ങള്‍ നടത്താനുളള അവളുടെ കുടുംബത്തിന്റെ അവകാശങ്ങളും അപഹരിക്കപ്പെടുന്നു. ഇത് അധിക്ഷേപവും അന്യായവുമാണ്.” രാഹുല്‍ ഗാന്ധി പറഞ്ഞു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ രാജി ആവശ്യപ്പെട്ട് പ്രിയങ്കാഗാന്ധി വദ്രയും രംഗത്തെത്തി. മകളെ അവസാനമായി വീട്ടിലേക്ക് കൊണ്ടുപോകാനും അവളുടെ അവസാന ചടങ്ങുകള്‍ നടത്താനുമുളള അവകാശം യുവതിയുടെ അച്ഛനില്‍ നിന്ന് അപഹരിക്കുകയാണ് ചെയ്തതെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.

“മകള്‍ക്ക് നീതി ലഭിക്കണമെന്ന് മാത്രമാണ് ആ പിതാവ് എന്നോട് പറഞ്ഞത്. മൃതദേഹം അവസാനമായി വീട്ടിലേക്ക് മടക്കിക്കൊണ്ടുപോകുന്നതിനും അവളുടെ അവസാനചടങ്ങുകള്‍ നടത്തുന്നതിനുമുളള ആ പിതാവിന്റെ അവകാശം അപഹരിക്കപ്പെട്ടു. ഇരയേയും യുവതിയുടെ കുടുംബാംഗങ്ങളേയും സംരക്ഷിക്കേണ്ടതിന് പകരം മരണത്തില്‍ പോലും അവളുടെ മനുഷ്യാവകാശങ്ങള്‍ കവരുന്നതില്‍ നിങ്ങളുടെ സര്‍ക്കാര്‍ പങ്കാളികളാവുകയാണുണ്ടായത്. ഒരു മുഖ്യമന്ത്രിയായി തുടരാന്‍ താങ്കള്‍ക്ക് അര്‍ഹതയില്ല.” പ്രിയങ്ക പറഞ്ഞു. ബിഎസ്പി നേതാവ് മായാവതിയും മൃതദേഹം ഏകപക്ഷീയമായി സംസ്‌കരിച്ചതിനെ അപലപിച്ചു.

കനത്ത പോലീസ് വലയത്തിലാണ് യുവതിയുടെ മൃതദേഹം ഹത്രാസില്‍ എത്തിച്ചത്. യുവതിയുടെ വീടിനു സമീപത്തു തന്നെ പൊലീസ് ശവമഞ്ചം ഒരുക്കിയിരുന്നതായും മൃതദേഹം എത്രയും വേഗം സംസ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടതായുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മൃതദേഹം ധൃതിയില്‍ സംസ്‌കരിക്കില്ലെന്നും നീതി കിട്ടും വരെ കാത്തിരിക്കുമെന്നും കുടുംബാംഗങ്ങള്‍ നിലപാടെടുത്തതോടെയാണ് മൃതദേഹം പൊലീസ് തന്നെ സംസ്‌കരിച്ചത്. ഹിന്ദുമത ആചാരക്രമം പാലിക്കുമെന്നും മൃതദേഹം രാത്രിയില്‍ സംസ്‌കരിക്കില്ലെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞിരുന്നു.

ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച യുവതിയുടെ മൃതദേഹം വെള്ളിയാഴ്ച രാത്രി 10.10 ഓടെയാണ് കുടുംബാംഗങ്ങള്‍ക്ക് വിട്ടു നല്‍കിയത്. നേരത്തെ, തങ്ങളുടെ അനുമതി ഇല്ലാതെയാണ് മൃതദേഹം കൊണ്ടു പോയതെന്ന് ആരോപിച്ച് യുവതിയുടെ അച്ഛനും സഹോദരനും ആശുപത്രിക്കു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ക്കൊപ്പം കോണ്‍ഗ്രസ്, ഭീം ആര്‍മി പ്രവര്‍ത്തകരും ചേര്‍ന്നു. സഫ്ദര്‍ജംഗ് ആശുപത്രിക്കു മുന്നിലെ പ്രതിഷേധക്കാരുടെ എണ്ണം വര്‍ദ്ധിച്ചതോടെ, സുരക്ഷയും ശക്തമാക്കിയിരുന്നു.

ഈ മാസം പതിനാലിനാണ് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത്. അമ്മയ്ക്കൊപ്പം പുല്ല് മുറിക്കാന്‍ വയലില്‍ പോയപ്പോള്‍ നാലുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. ബലാത്സംഗം ചെറുക്കാന്‍ ശ്രമിച്ചതിന് കഴുത്തു ഞെരിച്ചപ്പോള്‍ സ്വന്തം പല്ലിനിടയില്‍ കുടുങ്ങി യുവതിയുടെ നാവില്‍ ഗുരുതരമായ മുറിവുണ്ടായിരുന്നു. ഇരുകാലും പൂര്‍ണമായും തളര്‍ന്നു. കൈകളുടെ ചലനശേഷി ഭാഗികമായി നഷ്ടപ്പെട്ടു. അലിഗഢ് ജെ.എന്‍. മെഡിക്കല്‍ കോളജ് ആശുപത്രി വെന്റിലേറ്ററിലായിരുന്ന യുവതിയെ തിങ്കളാഴ്ചയാണ് സഫ്ദര്‍ജംഗിലേക്കു മാറ്റിയത്.

സംഭവം നടന്ന് ദിവസങ്ങള്‍ക്കു ശേഷമാണ് പ്രതികളെ പിടികൂടിയത്. പ്രതികളായ സന്ദീപ്, രാമു, ലവ്കുശ്, രവി എന്നിവര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തുമെന്ന് ഹത്രാസ് എസ്.പി. അറിയിച്ചിട്ടുണ്ട്. യുവതിയെ “ഉത്തര്‍ പ്രദേശിന്റെ നിര്‍ഭയ” എന്ന് വിശേഷിപ്പിച്ചു കൊണ്ട് സംഭവത്തിനെതിരെ വ്യാപകമായ പ്രതിഷേധം സാമൂഹിക മാധ്യമങ്ങളിലും പുറത്തും നടക്കുന്നുണ്ട്.

Latest Stories

ചരിത്രത്തിന് തൊട്ടരികിൽ രാഹുൽ, രോഹിത്തിനും കോഹ്‌ലിക്കും സച്ചിനും സ്വന്തമാക്കാൻ സാധിക്കാത്ത അതുല്യ നേട്ടം; പ്രതീക്ഷയിൽ താരം

കോഹ്‌ലിക്ക് ഇപ്പോൾ ഉള്ളത് ഇപിഡിഎസ് സിൻഡ്രോം, അതാണ് അവനെ വലിയ സ്‌കോറിൽ എത്തുന്നതിൽ നിന്ന് തടയുന്നത്; വമ്പൻ വെളിപ്പെടുത്തലുമായി ഇതിഹാസം

BGT 2024: അവസാന മത്സരത്തിൽ ഞാൻ തിളങ്ങാൻ കാരണം ആ മൂന്ന് താരങ്ങളുടെ ഉപദ്ദേശം, അഹങ്കരിക്കരുതെന്നാണ് അവൻ പറഞ്ഞത്: ആകാശ് ദീപ്

കേരളത്തിന് നിരവധി വൈദ്യുതി ആവശ്യങ്ങള്‍; ജലവൈദ്യുത പദ്ധതികള്‍ക്ക് വയബിലിറ്റി ഗ്യാപ്പ് ഫണ്ട് അനുവദിക്കണമെന്ന് മന്ത്രി; വാണിജ്യ നഷ്ടം കുറച്ചതിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍