പുതുക്കിയ പൗരത്വ നിയമത്തിനെതിരായി പ്രസംഗിച്ചതിന് ഡോക്ടർ കഫീൽ ഖാനെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം (എൻഎസ്‌എ) കേസെടുക്കണമെന്ന ഉത്തർപ്രദേശ് സർക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി.
“ക്രിമിനൽ കേസുകളിൽ തീരുമാനമെടുക്കുന്നതിന് അതിന്റെതായ മാനദണ്ഡങ്ങൾ ഉണ്ട്. എല്ലാ കേസുകളിലും കരുതൽതടങ്കൽ ഉത്തരവ് ഉപയോഗിക്കാൻ കഴിയില്ല,” ഡോക്ടർ കഫീൽ ഖാനെ മോചിപ്പിച്ചു കൊണ്ടുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവ് സ്ഥിരീകരിച്ചു കൊണ്ട് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ പറഞ്ഞു.
“ഹൈക്കോടതിയുടെ ഉത്തരവ് ശരിയാണെന്നാണ് തോന്നുന്നത്. ഉത്തരവിൽ ഇടപെടാൻ ഞങ്ങൾ മറ്റൊരു കാരണവും കാണുന്നില്ല. എന്നാൽ നിരീക്ഷണങ്ങൾ ക്രിമിനൽ കേസുകളിലെ പ്രോസിക്യൂഷനെ ബാധിക്കില്ല,” ജസ്റ്റിസ് ബോബ്ഡെ പറഞ്ഞു.
കഫീൽ ഖാനെ എൻഎസ്‌എയ്ക്ക് കീഴിൽ തടങ്കലിൽ വെയ്ക്കുന്നത് റദ്ദാക്കിയ അലഹബാദ് ഹൈക്കോടതിയുടെ സെപ്റ്റംബർ ഒന്നിലെ വിധിയെ യോഗി ആദിത്യനാഥ് സർക്കാർ ചോദ്യം ചെയ്തിരുന്നു.
2019ൃ ലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ കഴിഞ്ഞ വർഷം അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിൽ നടത്തി എന്ന് ആരോപിക്കപ്പെടുന്ന പ്രകോപനപരമായ പ്രസംഗത്തിന്റെ പേരിൽ ഗോരഖ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കഫീൽ ഖാനെ ജനുവരിയിൽ മുംബൈയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ദേശീയ സുരക്ഷാ നിയമപ്രകാരം “നഗരത്തിലെ പൊതുക്രമം തടസ്സപ്പെടുത്തുകയും അലിഗഡിലെ പൗരന്മാർക്ക് ഭയത്തിന്റെയും അരക്ഷിതാവസ്ഥയുടെയും അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു” എന്ന കുറ്റമാണ് ഡോക്ടർക്കെതിരെ ചുമത്തിയത്.
ഡോക്ടറുടെ പ്രസംഗം വിദ്വേഷമോ അക്രമമോ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ ഉള്ളതായിരുന്നില്ലെന്ന് പറഞ്ഞ് ഹൈക്കോടതി തടങ്കൽ ഉത്തരവ് റദ്ദാക്കി.
മതത്തിന്റെ അടിസ്ഥാനത്തിൽ വിവിധ സംഘങ്ങൾ തമ്മിൽ ശത്രുത വളർത്തുന്നുവെന്ന് ആരോപിച്ചാണ് കഫീൽ ഖാനെതിരെ ആദ്യം കുറ്റം ചുമത്തിയതെങ്കിലും ഫെബ്രുവരി 10- ന് ജാമ്യം ലഭിച്ചതിനെ തുടർന്ന് എൻഎസ്‌എയ്ക്ക് കീഴിൽ കുറ്റം ചാർത്തുകയായിരുന്നു.
കഫീൽ ഖാന് കുറ്റകൃത്യങ്ങൾ ചെയ്ത ചരിത്രമുണ്ടെന്നും ഇതേ തുടർന്ന് അച്ചടക്കനടപടി, സേവനത്തിൽ നിന്ന് സസ്പെൻഷൻ, പൊലീസ് കേസ്, ദേശീയ സുരക്ഷാ നിയമം എന്നിവയിലേക്ക് നയിച്ചു എന്നും യു.പി സർക്കാർ വാദിച്ചു.
ഒരു വ്യക്തി പൊതുക്രമം തടസ്സപ്പെടുത്തിയേക്കുമെന്നും ഇന്ത്യയുടെ സുരക്ഷയെയോ വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തെയോ അപകടത്തിലാക്കാമെന്നും സംശയിക്കുന്നുവെങ്കിൽ ഒരു വർഷം വരെ കോടതിയിൽ കുറ്റം ചുമത്താതെ തടങ്കലിൽ വെയ്ക്കാൻ എൻഎസ്‌എ സർക്കാരിനെ അധികാരപ്പെടുത്തുന്നു.