യു.പി അക്രമം; മന്ത്രിയുടെ മകൻ സ്ഥലത്ത് ഉണ്ടായിരുന്നു എന്നതിലേക്ക് വിരൽ ചൂണ്ടി വീഡിയോ

ഉത്തർപ്രദേശിലെ ലക്കിംപൂർ ഖേരിയിൽ കർഷക പ്രതിഷേധത്തിനിടെ അക്രമം നടന്ന സ്ഥലത്ത് നിന്നും ഒരു പുതിയ വീഡിയോ കൂടി പുറത്തുവന്നു. പ്രതിഷേധിക്കുന്ന കർഷകരുടെ മേൽ ഒരു എസ്‌യുവി ഓടിച്ചു കയറ്റിയ സംഭവത്തെ തുടന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഒരാളെ ചോദ്യം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ഞായറാഴ്ച നടന്ന സംഭവത്തിൽ നാല് കർഷകർ ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ടിരുന്നു.

പുറത്തുവന്ന വീഡിയോയുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല. നനഞ്ഞ അഴുക്കുപുരണ്ട വെള്ള ബനിയൻ ധരിച്ച, കവിളിലൂടെ ചോര ഒലിച്ചിറങ്ങുന്ന ഒരാൾ നിലത്ത് ഇരിക്കുന്നതും, ഒരു പൊലീസ് ഉദ്യോഗസ്ഥൻ കയ്യിൽ മൈക്കുമായി കുത്തിയിരുന്ന് ഇയാളെ ചോദ്യം ചെയ്യുന്നതുമാണ് വീഡിയോയിൽ ഉള്ളത്. ലക്നൗവിലെ ചാർബാഗ് പ്രദേശത്തുനിന്നുള്ള ഇയാളോട് പൊലീസുകാരൻ ചോദ്യങ്ങൾ ചോദിയ്ക്കുന്നു.

താൻ അഞ്ച് ആളുകൾ ഉണ്ടായിരുന്ന ഒരു കറുത്ത ഫോർച്യൂണറിലായിരുന്നുവെന്ന് ഈ മനുഷ്യൻ പറയുന്നു. കാറിന്റെ പുറകിൽ ഇരിക്കുകയായിരുന്ന ഇയാൾ, വാഹനം ഒരു മുൻ കോൺഗ്രസ് എംപിയുടേതാണെന്ന് അവകാശപ്പെട്ടു. തുടർന്ന് അയാൾ കാർ പ്ലേറ്റ് നമ്പർ പറയുന്നു.

കാറിൽ മുന്നിലായി ഇരുന്നത് ആരായിരുന്നു എന്ന് പൊലീസുകാരൻ ഇയാളോട് ചോദിക്കുന്നു. തനിക്കറിയില്ല എന്ന് ഇയാൾ ആദ്യം മറുപടി പറയുന്നു. ആരാണ് താറിൽ ഉണ്ടായിരുന്നത് എന്ന് പറയൂ എന്ന് പൊലീസുകാരൻ വീണ്ടും ചോദിയ്ക്കുന്നു. ഭയ്യയുടെ കൂടെയായിരുന്നു എന്ന് അയാൾ ഉത്തരം പറയുന്നു. അതായത്, അവരെല്ലാം അവന്റെ ആളുകളായിരുന്നു അല്ലെ എന്ന് പൊലീസ് ചോദിയ്ക്കുന്നു. അതെ, അവർ അവന്റെ ആളുകളായിരുന്ന എന്ന് അയാൾ സമ്മതിക്കുന്നു.

ഇതിൽ പറയുന്ന “ഭയ്യ” എന്നത് കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ കുറിച്ചാണ് എന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. നേരത്തേ വൈറലായ ഒരു വീഡിയോയിൽ, മുദ്രാവാക്യം വിളിക്കുന്ന കർഷകർക്ക് മേൽ ഒരു ‘താർ’ ഓടിച്ചുകയറ്റുന്നതും ഒരു കറുത്ത ഫോർച്യൂണർ ഇതിന് പുറകെ വരുന്നതും ദൃശ്യമായിരുന്നു. ഡ്രൈവിംഗ് സീറ്റിൽ ആരാണ് ഉള്ളതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമല്ല. കേന്ദ്രമന്ത്രിയുടെ മകൻ ഓടിച്ച എസ്‌യുവിയാണ് സമരക്കാരെ ഇടിച്ചതെന്നാണ് കർഷകർ ആരോപിക്കുന്നത്.

Read more

കർഷകർക്ക് മുകളിലൂടെ ഓടിച്ചു കയറ്റിയ വാഹനം തീർച്ചയായും തന്റേതാണെന്ന് കേന്ദ്ര മന്ത്രി മിശ്ര പറഞ്ഞിരുന്നു. എന്നാൽ, സംഭവം നടക്കുമ്പോൾ താനോ മകനോ സ്ഥലത്തുണ്ടായിരുന്നില്ലെന്നും മന്ത്രി അവകാശപ്പെട്ടു. കേന്ദ്രമന്ത്രിയുടെ മകനെതിരെ കൊലപാതക കേസ് ഫയൽ ചെയ്തിട്ടുണ്ട്, എന്നാൽ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.