ഉത്തരാഖണ്ഡ് തുരങ്കം അപകടം; ഡ്രില്ലിം​ഗ് പുനരാരംഭിച്ചു രക്ഷാദൗത്യം നിർണായക ഘട്ടത്തിൽ

ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ നിർമാണത്തിലുള്ള തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനങ്ങൾ നിർണായക ഘട്ടത്തിലേക്ക്. നിർത്തിവെച്ചിരുന്ന ഡ്രില്ലിം​ഗ് വീണ്ടും തുടങ്ങി, ടണലിന് മുകളിലൂടെ തുരക്കാനുള്ള നടപടികളും പുരോ​ഗമിക്കുന്നതായി സ്ഥലത്തെത്തിയ കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി‌യും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിം​ഗ് ധാമിയും അറിയിച്ചു.ഇരുവരും ദുരന്ത സ്ഥലം സന്ദർശിച്ചിരുന്നു.

തൊഴിലാളികൾക്ക് ചെറിയ പാതയുണ്ടാക്കാനുള്ള ശ്രമം പാതിവഴിയിൽ മുടങ്ങി.ടണലിനുള്ളില്‍ വിള്ളലുകള്‍ രൂപപ്പെട്ടതോടെയാണ് കഴിഞ്ഞ ദിവസം രക്ഷാദൗത്യം പ്രതിസന്ധിയിലായത്. ഡ്രില്ലിങിനിടെയാണ് ടണലിനുള്ളില്‍ വിള്ളല്‍ രൂപപ്പെട്ടത്. ഇതോടെ ഡ്രില്ലിംഗ് നിർത്തുകയായിരുന്നു.

പകരമായി ടണലിന് മുകളില്‍നിന്ന് തൊഴിലാളികള്‍ കുടുങ്ങികിടക്കുന്ന സ്ഥലത്തേക്ക് പാതയൊരുക്കാനുള്ള ശ്രമം കഴിഞ്ഞ ദിവസം തന്നെ തുടങ്ങിയിരുന്നു. അതേ സമയം തൊഴിലാളികളെ പുറത്തെത്തിക്കാൻ സർക്കാരും കമ്പനിയും കാര്യമായി ഒന്നും ചെയ്യുന്നില്ലെന്ന് കുടുംബാംഗങ്ങൾ വിമർശിച്ചു. എന്നാൽ ടണലിനുള്ളിലുള്ളവർ സുരക്ഷിതരാണെന്ന് അധികൃതർ ആവർത്തിച്ചു പറയുന്നു.

തൊഴിലാളികൾക്ക് ട്യൂബുകൾ വഴി ഓക്സിജനും ഭക്ഷണവും വെള്ളവും മരുന്നുകളും നൽകുന്നുണ്ട്. ബുധനാഴ്ച ഇവരെ രക്ഷപ്പെടുത്താനാകുമെന്നാണ് കണക്കുകൂട്ടുന്നത്. ഇതിനിടെ തൊഴിലാളികളിൽ ഒരാളായ ഗബ്ബർ സിങ് നേഗി മകനുമായി സംസാരിച്ചുിരുന്നു.തുരങ്കത്തിനു സമീപം ആറു കിടക്കകളുള്ള താത്കാലിക ആശുപത്രിയും പത്ത് ആംബുലൻസുകളും സജ്ജീകരിച്ചിട്ടുണ്ടെന്ന് ഉത്തരകാശി ചീഫ് മെഡിക്കൽ ഓഫീസർ ആർസിഎസ് പൻവാർ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവർ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു.ബ്രഹ്മഖൽ-യമുനോത്രി ദേശീയപാതയിൽ സിൽക്യാരയ്ക്കും ദണ്ഡൽഗാവിനും ഇടയിലുള്ള തുരങ്കത്തിൽ ഞായറാഴ്ച രാവിലെ ഏഴോടെയാണ് മണ്ണിടിച്ചിലുണ്ടായത്. ചാർധാം റോഡുപദ്ധതിയുടെ ഭാഗമായാണ് തുരങ്കം നിർമിക്കുന്നത്. യാഥാർഥ്യമായാൽ ഉത്തരകാശിയിൽ നിന്ന് യമുനോത്രിയിലേക്കുള്ള യാത്രയിൽ 26 കിലോമീറ്റർ ദൂരം കുറയും.