ഇന്ത്യയിൽ ലഭ്യമായ കോവിഡ് -19 വാക്സിനുകളായ കോവിഷീൽഡ്, കോവാക്സിൻ എന്നിവയുടെ മിശ്രിത പരീക്ഷണം വൈറസിനെതിരായ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ മികച്ച ഫലമാണ് കാഴ്ചവെച്ചതെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) പഠനം പറയുന്നു.
ഉത്തർപ്രദേശിൽ ഈ വർഷം മെയ് മുതൽ ജൂൺ വരെയാണ് പഠനം നടത്തിയത്. അഡിനോവൈറസ് വെക്ടര്‍ വാക്‌സിന്റെയും ഇനാക്ടിവേറ്റഡ് ഹോള്‍ വൈറസ് വാക്‌സിന്റെയും സംയുക്തം നല്‍കുന്നത് സുരക്ഷിതമാണെന്ന് മാത്രമല്ല, കോവിഡ് വകഭേദങ്ങൾക്കെതിരെ മികച്ച പ്രതിരോധശേഷി നൽകുമെന്നും പഠനം സൂചിപ്പിക്കുന്നു.
ഒരേ വാക്‌സിന്റെ തന്നെ രണ്ടു ഡോസുകള്‍ നല്‍കുന്ന ഹോമോലോഗസ് സമീപനമാണ് ഇന്ത്യ പിന്തുടര്‍ന്നത്. എന്നാല്‍ ഉത്തർപ്രദേശിൽ 18 പേര്‍ക്ക് അബദ്ധത്തില്‍ രണ്ടു വാക്‌സിനുകളുടെയും ഡോസുകള്‍ നല്‍കി. അതായത് ആദ്യ ഡോസ് കോവിഷീല്‍ഡ് കുത്തിവെച്ചവര്‍ക്ക് രണ്ടാമത്തെ തവണ കോവാക്‌സിനാണ് നല്‍കിയത്. ഇതേത്തുടർന്നാണ് പഠനം നടത്തിയത്.
രണ്ടു വ്യത്യസ്ത വാക്‌സിനുകളുടെ ഡോസുകള്‍ ലഭിച്ചവര്‍ക്ക് ആല്‍ഫ, ബീറ്റ, ഡെല്‍റ്റ വകഭേദങ്ങള്‍ക്കെതിരേ പ്രതിരോധ ശക്തി കൂടുതലാണെന്ന് പഠനത്തില്‍ കണ്ടെത്തി. വാക്‌സിൻ മിശ്രിത നൽകുന്നത് ചില വാക്‌സിനുകൾ നേരിടുന്ന ക്ഷാമം പരിഹരിക്കാനും സഹായിക്കും. മാത്രമല്ല വാക്‌സിന്‍ സംബന്ധിച്ച് ജനങ്ങളുടെ മനസ്സില്‍ നിലനില്‍ക്കുന്ന ആശങ്ക ദുരീകരിക്കാനും സാധിക്കും, പഠനത്തില്‍ പറയുന്നു.
എന്നാൽ ഐസിഎംആർ പഠനത്തെക്കുറിച്ച് അവലോകനം നടത്തേണ്ടതായിട്ടുണ്ട്. വാക്‌സിൻ മിക്സ് ചെയ്യുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഔദ്യോഗിക നിര്‍ദേശം നല്‍കുന്നത് വരെ സ്വയമേവ രണ്ടുവാക്‌സിനുകളുടെ ഡോസുകള്‍ സ്വീകരിക്കരുതെന്നും നിര്‍ദേശമുണ്ട്.
ജൂലൈ 30 നാണ് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സി.ഡി.എസ്.സി.ഒ) ഒരു സബ്ജക്ട് എക്സ്പെർട്ട് കമ്മിറ്റി കോവിഷീൽഡ്, കോവാക്സിൻ വാക്സിനുകളുടെ മിശ്രിത ഡോസുകളെക്കുറിച്ച് ഒരു പഠനം നടത്താൻ ശിപാർശ ചെയ്യന്നത്. വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജിന്റെ (സിഎംസി) അപേക്ഷയെ തുടർന്നാണ് ഈ ശിപാർശ വന്നത്.
ഈ വർഷം ജൂലൈയിൽ, ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞയായ സൗമ്യ സ്വാമിനാഥൻ വ്യത്യസ്ത നിർമ്മാതാക്കളിൽ നിന്നുള്ള കോവിഡ് വാക്സിനുകൾ കലർത്തി നൽകരുതെന്ന് ഉപദേശിച്ചിരുന്നു, മിക്സ് ചെയ്യുന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ ഇത് “അപകടകരമായ പ്രവണത”യാണെന്നും അവർ പറഞ്ഞിരുന്നു.