കൗമാരക്കാര്‍ക്കുള്ള വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍

രാജ്യത്ത് കൗമാരക്കാര്‍ക്കുള്ള വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കും. 2007 ലോ അതിന് മുമ്പോ ജനിച്ച 15 നും 18 നും ഇടയില്‍ പ്രായമുള്ളവര്‍ക്കായാണ് രജിസ്‌ട്രേഷന്‍ തുടങ്ങിയിരിക്കുന്നത്. ഇവര്‍ക്ക് ജനുവരി 3 മുതല്‍ വാക്‌സിന്‍ നല്‍കി തുടങ്ങും. ഓണ്‍ലൈനായും സ്‌പോട്ട് രജിസ്ട്രേഷനിലൂടെയും വാക്‌സിന്‍ നല്‍കാനാണ് തീരുമാനം. തിങ്കളാഴ്ച മുതല്‍ കുട്ടികള്‍ക്കായിരിക്കും വാക്‌സിനേഷനില്‍ മുന്‍ഗണന.

കൗമാരക്കാര്‍ക്കുള്ള വാക്‌സിനേഷമായി സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. www.cowin.gov.in എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്ട്രേഷന്‍ ചെയ്യേണ്ടത്. കുട്ടികള്‍ക്ക് ഇഷ്ടമുളള വാക്‌സിന്‍ തിരഞ്ഞെടുക്കാനും അവസരമുണ്ട്. സൈഡസ് കാഡില വികസിപ്പിച്ച സൈകോവ്-ഡി വാക്സിന്‍, ഭാരത് ബയോടെകിന്റെ കോവാക്സിന്‍ എന്നിവയാണ് ഉള്ളത്.

കോവാക്‌സിന്‍ നല്‍കാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. 15 ലക്ഷത്തോളം പേരാണ് വാക്‌സിനേഷനായി സംസ്ഥാനത്തുള്ളത്. ആധാര്‍ കാര്‍ഡ് ഇല്ലാത്ത കുട്ടികള്‍ക്ക് സ്‌കൂളിലെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചും വാക്‌സിനായി രജിസ്‌ട്രേഷന്‍ നടത്താം. വാക്സിനേഷനായി കുടുംബാംഗങ്ങള്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫോണ്‍ നമ്പര്‍ ഉപയോഗിച്ചും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

Read more

ഒമൈക്രോണ്‍ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്കായുള്ള വാക്‌സിനേഷന്‍ വേഗം ആരംഭിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. കുട്ടികളുടെ വാക്‌സിനേഷന്‍ അതിവേഗം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുമെന്ന് വീണ ജോര്‍ജ് വ്യക്തമാക്കി. സംസ്ഥാനത്ത് വിതരണത്തിമായി 5 ലക്ഷം ഡോസ് കോവാക്‌സിന്‍ ഇന്ന് എത്തും. നിലവില്‍ ഉള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ തന്നെ കുട്ടികള്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കും. അതേസമയം 18 ന് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കായി ഇന്നും നാളെയും പ്രത്യേക വാക്സിന്‍ യജ്ഞമുണ്ടാകും.