രാജസ്ഥാനില്‍ നിയമസഭ തിരഞ്ഞെടുപ്പ് ഫലം പൂര്‍ത്തിയാകാന്‍ ഇനിയും മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി കോണ്‍ഗ്രസും ബിജെപിയും. പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ബിജെപിയും കോണ്‍ഗ്രസും ഇഞ്ചോടിച്ച് പോരാട്ടമാണ് പ്രവചിച്ചത്. സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസമായി അതിന്റെ പ്രതീതി നിലനിന്നിരുന്നു.
ഇരു പാര്‍ട്ടികളുടെയും ലക്ഷ്യം മത്സര രംഗത്തുള്ള വിമതരെയും ചെറുപാര്‍ട്ടികളെയും കൂടെ നിറുത്താനാണ്. ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വസുന്ധര രാജെയുടെ ക്യാമ്പില്‍ ശനിയാഴ്ച രാത്രി വൈകിയും തിരക്കേറിയ യോഗങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ട്. പുലര്‍ച്ചെ 3 വരെ വസുന്ധര രാജെയുടെ ക്യാമ്പില്‍ യോഗങ്ങള്‍ നടന്നതായാണ് വിവരം. രാവിലെ 8 മുതല്‍ വസുന്ധര രാജെയുടെ വീട്ടിലേക്ക് ബിജെപി സ്ഥാനാര്‍ത്ഥികള്‍ എത്തി തുടങ്ങി.
അതേ സമയം ബിജെപിയുടെ ഉന്നത നേതാക്കള്‍ ലോക്താന്ത്രിക് പാര്‍ട്ടി നേതാവ് ഹനുമാന്‍ ബേനിവാളുമായി ചര്‍ച്ച നടത്തിയതായും വിവരമുണ്ട്. തിരഞ്ഞെടുപ്പ് ഫലത്തില്‍ തിരിച്ചടിയുണ്ടായാല്‍ ആവശ്യമായ നടപടി സ്വീകരിക്കാനാണ് നീക്കം. നേരത്തെ എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായിരുന്ന ലോക്താന്ത്രിക് പാര്‍ട്ടി നേരത്തെ കര്‍ഷക സമരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രതിഷേധിച്ച് സഖ്യം വിടുകയായിരുന്നു. നിലവില്‍ രാജസ്ഥാനില്‍ ബിജെപിയുടെ നില മെച്ചപ്പെട്ട് വരുകയാണ്.