മുംബൈയിൽ വ്യവസായി മുകേഷ് അംബാനിയുടെ വീടിനടുത്ത് സ്ഫോടക വസ്തുക്കളുള്ള വാഹനം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്ത്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനി താമസിക്കുന്ന സ്ഥലത്ത് നിന്ന് മീറ്ററുകളുടെ അകലത്തിലാണ് സ്ഫോടക വസ്തുക്കളുള്ള വാഹനം കണ്ടെത്തിയതെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് പറഞ്ഞു.
അംബാനിയുടെ വീട്ടിൽ നിന്ന് കുറച്ച് അകലെയാണ് സ്ഫോടക വസ്തുക്കളുള്ള ഒരു സ്കോർപിയോ വാൻ കണ്ടെത്തിയത്. മുംബൈ ക്രൈംബ്രാഞ്ച് ഇത് അന്വേഷിക്കുന്നുണ്ട്. സത്യം പുറത്തു വരുമെന്ന് അനിൽ ദേശ്മുഖ് പറഞ്ഞു.
വ്യാഴാഴ്ച വൈകുന്നേരം കാർമൈക്കൽ റോഡിൽ സംശയാസ്പദമായ വാഹനം കണ്ടെത്തിയതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പൊലീസിനെ അറിയിച്ചതിനെ തുടർന്ന് ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡ് (ബിഡിഡിഎസ്) സംഘവും പൊലീസ് സംഘവും ഉടൻ തന്നെ സ്ഥലത്തെത്തി.
വാഹനം പരിശോധിച്ചപ്പോൾ സ്ഫോടക വസ്തുവായ 20 ജെലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തി. സ്ഫോടകവസ്തു കൂട്ടിച്ചേർത്ത് ബോംബ് ആക്കിയിട്ടില്ലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടക്കുന്നതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ഇന്നലെ പുലർച്ചെ ഒരു മണിയോടെ കാർ പ്രദേശത്ത് പാർക്ക് ചെയ്തിരുന്നതായി സിസിടിവി ദൃശ്യങ്ങളിൽ പറയുന്നു.
പ്രദേശത്ത് സുരക്ഷ വർദ്ധിപ്പിക്കുകയും മുംബൈ പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലം പരിശോധിക്കുകയും ചെയ്തു.
Read more
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനായ അംബാനി, തെക്കൻ മുംബൈയിലെ കുംബല്ല ഹിൽ പ്രദേശത്ത് ആന്റിലിയ എന്നറിയപ്പെടുന്ന 27 നിലകളുള്ള, 400,000 ചതുരശ്രയടി വിസ്തീർണമുള്ള ഒരു കെട്ടിടത്തിലാണ് താമസിക്കുന്നത്. 2012 ലാണ് അദ്ദേഹവും കുടുംബവും ഈ കെട്ടിടത്തിലേക്ക് താമസം മാറിയത്.