കരഞ്ഞ് നിലവിളിച്ച് പ്രവീണ്‍ തൊഗാഡിയ; 'ബിജെപി സര്‍ക്കാരുകള്‍ വേട്ടയാടുന്നു; പൊലീസ് കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തുന്നു'

ബിജെപി ഭരിക്കുന്ന സര്‍ക്കാരുകള്‍ക്കെതിരെ വി.എച്ച്.പി ദേശിയ വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ. തന്നെ കൊലപ്പെടുത്താന്‍ രാജസ്ഥാന്‍ ഗുജറാത്ത് പൊലീസ് വിഭാഗങ്ങള്‍ ഗൂഢാലോചന നടത്തുന്നുവെന്ന് കരഞ്ഞുകൊണ്ട് തൊഗാഡിയ ആരോപിച്ചു. പൊലീസ് രാഷ്ട്രീയസമ്മര്‍ദത്തിന് വഴങ്ങരുതെന്ന് തേങ്ങലോടെ പറഞ്ഞു.

തൊഗാഡിയയെ ഇന്നലെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറഞ്ഞതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു എന്നാണ് വിവരം. പത്തുവര്‍ഷം മുന്‍പുള്ള ഒരു കേസുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ പൊലീസ് തൊഗാഡിയയെ അറസ്റ്റ് ചെയ്യാന്‍ അഹമ്മദാബാദില്‍ എത്തിയിരുന്നു. എന്നാല്‍ ഇതിനുശേഷം അദ്ദേഹത്തെ കാണാതാവുകയും, പിന്നീട് പാര്‍ക്കില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയുമായിരുന്നു. തൊഗാഡിയയെ രാവിലെമുതല്‍ കാണാനില്ലെന്ന് വിശ്വഹിന്ദു പരിഷത്ത് അറിയിച്ചിരുന്നു. അദ്ദേഹത്തെ രാജസ്ഥാന്‍ പൊലീസ് അറസ്റ്റുചെയ്തുവെന്ന് ആരോപിച്ച് വി.എച്ച്.പി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവും നടത്തി.

തൊഗാഡിയെ പോലീസ് ഉടന്‍ കണ്ടെത്തണമെന്നായിരുന്നു ആവശ്യം. അതേസമയം, ആശുപത്രിയില്‍ പ്രവേശിപ്പിച്ച തൊഗാഡിയയുടെ സ്ഥിതി ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ മാധ്യമങ്ങളോട് വിശദീകരിച്ചു. അബോധാവസ്ഥയിലാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും അദ്ദേഹം സുഖം പ്രാപിച്ചു വരികയാണെന്നും ചന്ദ്രമണി ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.