എക്‌സിറ്റ് പോളുകളൊന്നും എക്‌സാറ്റ് പോളുകളല്ല, നമുക്ക് 23 വരെ കാത്തിരിക്കാം: വെങ്കയ്യ നായിഡു

എക്സിറ്റ് പോളുകളൊന്നും തിരഞ്ഞെടുപ്പിന്റെ യഥാര്‍ത്ഥ ജനവിധിയെ പ്രതിഫലിപ്പിക്കുന്നതല്ലെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. 1999 മുതലുള്ള എക്സിറ്റ് പോളുകളുടെ ചരിത്രം പരിശോധിച്ചാല്‍ അത് ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഭൂരിഭാഗം എക്സിറ്റ് പോളുകളും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് വന്‍ വിജയം പ്രവചിക്കുന്ന സാഹചര്യത്തില്‍ മുതിര്‍ന്ന ബിജെപി നേതാവായ വെങ്കയ്യ നായിഡുവിന്റെ പ്രസ്താവന ശ്രദ്ധേയമായിരിക്കുകയാണ്

എക്സിറ്റ് പോളുകളൊന്നും എക്സാറ്റ് പോളുകളല്ല. നമുക്കത് മനസ്സിലാവും. 1999 മുതല്‍ എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം തെറ്റായാണ് വരാറ്. ഇപ്പോള്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പ് തന്നെ പരിശോധിച്ചാല്‍ എല്ലാ പാര്‍ട്ടികള്‍ക്കും അമിത ആത്മവിശ്വാസമാണ്. ഫലം വരുന്നത് വരെ എല്ലാവരും അവരുടെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. അതിന് അടിസ്ഥാനമൊന്നുമില്ല. അതുകൊണ്ട് നമുക്ക് 23 വരെ കാത്തിരിക്കാം.” വെങ്കയ്യനായിഡു കൂട്ടി ചേര്‍ത്തു.

വിവിധ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ തന്നെ വീണ്ടും അധികാരത്തില്‍ എത്തുമെന്നാണ് പ്രവചനം. ആജ് തക് ആക്‌സിസ് മൈ ഇന്ത്യാ സര്‍വേ പ്രകാരം ബി.ജെ.പി 175-188 സീറ്റ് നേടുമെന്നാണ് പ്രവചനം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 73-96ഉം എസ്.പി- ബി.എസ്.പി പൂജ്യം,മറ്റുള്ളവര്‍ 33-52 സീറ്റുകളും നേടിയേക്കാം എന്നാണ് ഫലപ്രവചനം. ടൈംസ് നൗ എക്‌സിറ്റ് പോള്‍ പ്രകാരം രാജ്യത്ത് ബി.ജെ.പി 306 സീറ്റും കോണ്‍ഗ്രസ് 132 സീറ്റും എസ്.പി – ബി.എസ്.പി പൂജ്യം സീറ്റും മറ്റുള്ളവര്‍ 104 സീറ്റ് വരെ നേടാമെന്നാണ് പ്രവചനം.