തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) ആദ്യ പൊതുസമ്മേളനം പ്രഖ്യാപിച്ച് വിജയ്. ഒക്ടോബര്‍ 27ന് വിഴുപ്പുറത്താണ് സമ്മേളനം നടക്കുക. വൈകിട്ട് നാല് മണിക്കാണ് സമ്മേളനം. സമ്മേളനത്തില്‍ പാര്‍ട്ടിനയം പ്രഖ്യാപിക്കുമെന്ന് വിജയ് അറിയിച്ചു. അതേസമയം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും, മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തേക്കുമെന്നും സൂചനകളുണ്ട്.
തമിഴക വെട്രി കഴകത്തിന്റെ ആദ്യ പൊതുസമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും മുഖ്യമന്ത്രി പിണറായി വിജയനെയും പങ്കെടുപ്പിക്കാന്‍ വിജയ് നീക്കം നടത്തുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, രാഹുല്‍ ഗാന്ധി, ആന്ധ്ര മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ എന്നിവരേയും വിജയ് ക്ഷണിച്ചേക്കുമെന്നും സൂചനയുണ്ട്.
രാഷ്ട്രീയത്തില്‍ വിജയ്ക്ക് ഏറ്റവും താത്പര്യമുള്ള നേതാവ് രാഹുലാണെന്നും അതിനാലാണ് അദ്ദേഹത്തെ ടിവികെയുടെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കാന്‍ ഒരുങ്ങുന്നതെന്നുമാണ് ടിവികെ നേതാക്കള്‍ പറയുന്നത്. രാഹുല്‍ ഗാന്ധിയുടെ ഉപദേശപ്രകാരമാണ് വിജയ് രാഷ്ട്രീയപ്പാര്‍ട്ടി രൂപവത്കരിക്കുന്നതെന്ന ആരോപണം ഇതിനകംതന്നെ ഉയര്‍ന്നിട്ടുണ്ട്. അതേസമയം സമ്മേളനത്തില്‍ പാര്‍ട്ടിനയം പ്രഖ്യാപിക്കും.