ഗുസ്തി താരം വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോൺഗ്രസ് അംഗത്വമെടുത്തു. എഐസിസി ആസ്ഥാനത്തെത്തി കെസി വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കളുമായി വാർത്താ സമ്മേളനം നടത്തിയ ശേഷമാണ് ഇരുവരും കോൺഗ്രസ് അംഗത്വമെടുത്തത്. കോൺഗ്രസിന്റെ ചരിത്രത്തിലെ വലിയ ദിനമാണിതെന്ന് വേണുഗോപാൽ പറഞ്ഞു. ഇരുവരും നേതാക്കളായത് പോരാട്ടത്തിലൂടെയാണെന്നും കെസി പറഞ്ഞു.
തെരുവിൽ നിന്ന് നിയമസഭ വരെ പോരാടാൻ തയാറാണെന്ന് വിനേഷ് ഫോഗാട്ട് പ്രതികരിച്ചു. കോൺഗ്രസിൽ ചേരുന്നതിനു മുന്നോടിയായി പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇരുവരും റെയിൽവേയിലെ ജോലി രാജിവെച്ചു. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു മുന്നോടിയായാണു ജോലി രാജിവെച്ചത്. സെപ്റ്റംബർ 4ന് ന്യൂഡൽഹിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം ഇരുവരുടെയും രാഷ്ട്രീയ പ്രവേശനത്തിൽ ഗുസ്തി താരങ്ങൾക്കിടയിൽ ഭിന്നതയുണ്ടെന്നാണു വിവരം. ഇരുവരും കോൺഗ്രസിൽ ചേരാനുള്ള തീരുമാനം വ്യക്തിപരമാണെന്നാണ് സാക്ഷി മാലിക്കിന്റെ പ്രതികരണം. പല വാഗ്ദാനങ്ങളും രാഷ്ട്രീയ പാർട്ടികളിൽ നിന്നും ലഭിക്കും. തനിക്കും ഇത്തരത്തിൽ വാഗ്ദാനങ്ങൾ ലഭിച്ചിരുന്നു. തുടങ്ങിവച്ച ദൗത്യം അവസാനിപ്പിക്കരുത്. വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും എടുത്ത തീരുമാനം വ്യക്തിപരമാണെന്നും സാക്ഷി മാലിക്ക് പറഞ്ഞു.