ഹനുമാന്‍ ജയന്തി ആഘോഷത്തിനിടെ സംഘര്‍ഷമുണ്ടായ ഡല്‍ഹി ജഹാംഗീര്‍പുരിയില്‍ വീണ്ടും അക്രമം. പ്രതിയെ പിടികൂടാന്‍ എത്തിയ പൊലീസുകാര്‍ക്ക് നേരെ കുടുംബങ്ങള്‍ കല്ലേറ് നടത്തി. ആക്രമണത്തില്‍ ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയെ ചോദ്യം ചെയ്യുന്നതിനായി കൊണ്ടുപോയതിന് പിന്നാലെ പ്രദേശത്തെ 50ഓളം സ്ത്രീകള്‍ ഇന്ന് ജഹാംഗീര്‍പുരിയില്‍ പ്രതിഷേധിക്കുകയും കല്ലെറ് നടത്തുകയുമായിരുന്നു.
ശനിയാഴ്ച ഹനുമാന്‍ ജയന്തിയ്ക്കിടെ നടന്ന സംഘര്‍ഷത്തില്‍ വെടിയുതിര്‍ത്ത പ്രതി സോനുവിന്റെ ഭാര്യയാണ് ഇന്ന് ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇതോടെ വിവിധ വീടുകള്‍ക്ക് മുകളില്‍ നിന്ന് പൊലീസുകാര്‍ക്ക് നേരെ കല്ലേറ് ഉണ്ടായി.
സോനുവിനെ അന്വേഷിച്ച് വീട്ടിലെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ വീട്ടുകാര്‍ കല്ലെറിഞ്ഞു. സംഭവത്തിന് പിന്നാലെ നിയമനടപടി സ്വീകരിച്ചതായും, സ്ഥിതിഗതികള്‍ നിലവില്‍ നിയ്ന്ത്രണ വിധേയമായതായും നോര്‍ത്ത്-വെസ്റ്റ് ഡല്‍ഹി പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.
സ്ഥലത്ത് പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചു. വനിതാ സുരക്ഷാ ഉദ്യോഗസ്ഥരെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധിച്ച് സ്ത്രീകളെ വനിത ഉദ്യോഗസ്ഥര്‍ ഇടപെട്ട് സമാധാനിപ്പിച്ചു. ശനിയാഴ്ച അക്രമം നടന്ന സ്ഥലത്ത് നിന്ന് 100 മീറ്റര്‍ അകലെയാണ് സംഭവം നടന്നത്. സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സിന്റെ ദ്രുതകര്‍മ സേന സംഭവസ്ഥലത്ത് മനുഷ്യച്ചങ്ങല രൂപീകരിച്ചു.
Read more
ഡല്‍ഹി ഹനുമാന്‍ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ 20 പേരെ അറസ്റ്റ് ചെയ്തിരുന്നു. പിടിയിലായവരില്‍ നിന്ന് മൂന്ന് നാടന്‍ പിസ്റ്റളുകളും അഞ്ച് വാളുകളും പിടിച്ചെടുത്തു. കേസില്‍ അറസ്റ്റ് തുടരുകയാണ്. ശോഭാ യാത്രക്ക് നേരെയുണ്ടായ അതിക്രമമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് എഫ് ഐആറില്‍ പറയുന്നത്. അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ ഗുഢാലോചനയുണ്ട്.