മന്ത്രിമാരുടെ സന്ദർശനത്തെത്തുടർന്ന് യു.പിയിൽ അക്രമം; 4 കർഷകർ ഉൾപ്പെടെ 8 പേർ കൊല്ലപ്പെട്ടു

ഉത്തർപ്രദേശിൽ രണ്ട് മന്ത്രിമാരുടെ സന്ദർശനത്തെ തുടർന്ന് ഞായറാഴ്ചയുണ്ടായ അക്രമത്തിൽ 4 കർഷകർ ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ടു. യു.പി ഉപമുഖ്യമന്ത്രി കേശവ് മൗര്യയുടെയും കേന്ദ്ര ആഭ്യന്തര സഹ സഹമന്ത്രി അജയ് മിശ്രയുടെയും സന്ദർശനത്തെ തുടർന്ന് കർഷകർ ഇന്നലെ രാവിലെ മുതൽ യു.പിയിയിലെ ലഖിംപൂർ ഖേരി ജില്ലയിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മന്ത്രിമാരുടെ വാഹനവ്യൂഹത്തിലെ വാഹനം ഇടിച്ചാണ് എട്ടുപേർ കൊല്ലപ്പെട്ടത് എന്നാണ് കർഷക സംഘടനകൾ ആരോപിക്കുന്നത്.

“മന്ത്രിമാരുടെ വരവ് തടയാൻ ഹെലിപാഡ് ഘരാവോ ചെയ്യാൻ കർഷകർ പദ്ധതിയിട്ടിരുന്നു. ഇത് അവസാനിപ്പിച്ച് മിക്ക ആളുകളും തിരികെ പോകുമ്പോൾ മന്ത്രിമാരുടെ മൂന്ന് കാറുകൾ വന്നു കർഷകരെ ഇടിക്കുകയായിരുന്നു. ഒരു കർഷകൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. കാറിൽ മന്ത്രിയുടെ മകനും ഉണ്ടായിരുന്നു,”കർഷക യൂണിയൻ നേതാവ് ഡോ. ദർശൻ പാൽ പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

മകന് അക്രമവുമായി ബന്ധമുണ്ടെന്ന കാര്യം കേന്ദ്ര സഹമന്ത്രി അജയ് മിശ്ര നിഷേധിച്ചു. “എന്റെ മകൻ സ്ഥലത്തുണ്ടായിരുന്നില്ല. വടികളും വാളുകളും ഉപയോഗിച്ച് ചില അക്രമികൾ ആണ് തൊഴിലാളികളെ ആക്രമിച്ചത്. എന്റെ മകൻ അവിടെ ഉണ്ടായിരുന്നെങ്കിൽ, അവൻ ജീവനോടെ പുറത്തു വരില്ലായിരുന്നു. ഉപമുഖ്യമന്ത്രിയുടെ പരിപാടിയുടെ വേദിയിലാണ് എന്റെ മകൻ ഉണ്ടായിരുന്നത്. ഞാൻ എല്ലാ സമയവും ഉപമുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു” ആഭ്യന്തര സഹമന്ത്രിയായ അജയ് മിശ്രയെ ഉദ്ധരിച്ച് വാർത്താ ഏജൻസി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

“ഒരു വിഭാഗം കർഷകർ പ്രതിഷേധം നടത്തുകയായിരുന്നു, അവർ കരിങ്കൊടി കാണിക്കുകയും കാറിൽ കല്ലെറിയുകയും ചെയ്തു, തുടർന്ന് കാറ് മറിഞ്ഞു. രണ്ട് കർഷകർ കാറിനടിയിൽ പെട്ട് മരിച്ചു. മൂന്ന് ബിജെപി പ്രവർത്തകരെയും കാർ ഡ്രൈവറെയും ചിലർ തല്ലിക്കൊന്നു” മന്ത്രി പറഞ്ഞതായി വാർത്താ ഏജൻസി പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. തുടർന്നുള്ള അക്രമങ്ങളുടെ വീഡിയോ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നും മന്ത്രി പറഞ്ഞു. താൽക്കാലിക ഹെലിപാഡിൽ മന്ത്രിമാരെ സ്വീകരിക്കാനെത്തിയ പാർട്ടി പ്രവർത്തകരുടെ തെറ്റല്ല അപകടമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കാർ ഇടിച്ച് നാല് കർഷകർ മരിച്ചതായും മറ്റ് ആറ് പേർക്ക് പരിക്കേറ്റതായും കർഷക സംഘടനകൾ പറഞ്ഞു. സംയുക്ത കിസാൻ മോർച്ചയുടെ നേതാക്കളിലൊരാളായ തേജീന്ദർ എസ് വിരാക് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.

Read more

അജയ് മിശ്ര ഈ അടുത്തു നടത്തിയ ഒരു പ്രസംഗത്തിനെതിരെ പ്രതിഷേധിച്ചാണ് രണ്ട് മന്ത്രിമാരുടെ സന്ദർശനം തടയാൻ കർഷകർ ഒത്തുകൂടിയത്. കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധം 10-15 ആളുകളുടെ പ്രതിഷേധമാണെന്നും അവരെ വരുതിയിൽ നിർത്താൻ വെറും രണ്ട് മിനിറ്റ് മാത്രമേ എടുക്കൂ എന്നുമാണ് മന്ത്രി പ്രസംഗത്തിൽ പറഞ്ഞത്.