വിഷ്ണു ദേവ് സായി ഛത്തീസ്ഗഢ് മുഖ്യമന്ത്രി; ലക്ഷ്യം ഗോത്ര വിഭാഗങ്ങളെ ഒപ്പം നിറുത്തുക; തീരുമാനം ലോക്‌സഭ ഇലക്ഷന്‍ മുന്നില്‍ കണ്ട്

ഛത്തീസ്ഗഢില്‍ മുഖ്യമന്ത്രി പദം മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന ആദിവാസി നേതാവുമായ വിഷ്ണു ദേവ് സായിക്ക്. റായ്പൂരില്‍ ചേര്‍ന്ന ബിജെപി എംഎല്‍എമാരുടെ യോഗമാണ് വിഷ്ണു ദേവ് സായിയെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തത്. കേന്ദ്ര മന്ത്രിയായിരുന്ന വിഷ്ണു ദേവ് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം കേന്ദ്ര മന്ത്രി സഭയില്‍ നിന്ന് രാജി വച്ചിരുന്നു.

ഇത്തവണ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടാതെയാണ് ബിജെപി ഛത്തീസ്ഗഢില്‍ തിരഞ്ഞെടുപ്പ് നേരിട്ടത്. 90 സീറ്റുകളില്‍ 54 സീറ്റുകള്‍ നേടിയാണ് ഛത്തീസ്ഗഢില്‍ ബിജെപി അധികാരം പിടിച്ചത്. മുന്‍ മുഖ്യമന്ത്രി രമണ്‍ സിംഗ്, രേണുക സിംഗ് എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി പദത്തിലേക്ക് ബിജെപി ആദ്യ ഘട്ടത്തില്‍ പരിഗണിച്ചിരുന്നത്.

Read more

എന്നാല്‍ ഇത്തവണ ഛത്തീസ്ഗഢില്‍ ബിജെപിയുടെ വിജയത്തിന് അനുകൂല സാഹചര്യം സൃഷ്ടിച്ചത് ആദിവാസി വിഭാഗം നല്‍കിയ പിന്തുണയായിരുന്നു. ഇതേ തുടര്‍ന്നാണ് കൂടുതല്‍ ഗോത്ര വിഭാഗങ്ങളെ ബിജെപിയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ വിഷ്ണു ദേവ് സായിയെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചത്. ലോക്‌സഭ തിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാണ് ബിജെപിയുടെ തീരുമാനം.