ലോകസഭ തിരഞ്ഞെടുപ്പു ഫലം വൈകാന്‍ സാധ്യതയുള്ളതായി തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍. കൂടുതല്‍ വിവി പാറ്റ് സ്ലിപ്പുകള്‍ എണ്ണുന്നതിനാല്‍ ഫലം ഒരു ദിവസം വൈകിയേക്കാമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. നിലവില്‍ മേയ് 23നാണ് വോട്ടെണ്ണല്‍. ഒരു ദിവസം വൈകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
നേരത്തേ ഓരോ നിയമസഭാ മണ്ഡലത്തിലെയും ഒരു ബൂത്തിലെ സ്ലിപ്പ് എണ്ണാനാണ് തീരുമാനിച്ചത്. എന്നാല്‍, പിന്നീട് അഞ്ചുവീതം ബൂത്തിലെ സ്ലിപ്പെണ്ണാന്‍ ഏപ്രില്‍ 24ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. കൂടുതല്‍ വിവി പാറ്റുകള്‍ എണ്ണാന്‍ അധികം സമയം വേണ്ടി വരുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍. അതിനാല്‍തന്നെ ഫലപ്രഖ്യാപനം മേയ് 24ലേക്ക് നീളുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.