Connect with us

NATIONAL

വോട്ടര്‍ കാര്‍ഡുകള്‍ നിര്‍ബന്ധമായും ആധാറുമായി ബന്ധിപ്പിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

, 8:40 am

വോട്ടര്‍കാര്‍ഡുകള്‍ നിര്‍ബന്ധമായും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. നേരത്തെ തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധപ്പിക്കണമെന്ന് കമ്മീഷന്‍ അറിയിച്ചിരുന്നു,എന്നാല്‍ ഇത് നിര്‍ബന്ധമാക്കിയിരുന്നില്ല. എ.കെ ജ്യോതി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരിക്കെയാണ് വോട്ടര്‍ കാര്‍ഡുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന തീരുമാനമുണ്ടാവുന്നത്.

വോട്ടര്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണമെന്നുതന്നെയായിരുന്നു കമ്മീഷന്റെ മുമ്പത്തെയും നിലപാട്.എന്നാല്‍ ആധാര്‍ നിയമം പാര്‍ലമെന്റ് അംഗീകരിക്കാത്തതിനാല്‍ തീരുമാനം നിര്‍ബന്ധമാക്കാണമെന്ന് പറഞ്ഞിരുന്നില്ല. ഇന്ന് ആധാര്‍ നിയമം പ്രാബല്യത്തില്‍ വന്നതോടെയാണ് നിലപാടില്‍ മാറ്റമുണ്ടായതെന്ന് കമ്മീഷന്‍ വ്യക്തമാക്കി. 2017 മാര്‍ച്ചിലാണ് ആധാര്‍ നിയമം പാസ്സാക്കിയത്. ജൂലൈ മാസത്തിലാണ് നിയമം വിജ്ഞാപനം ചെയ്തത്.

പൊതുവിതരണ സംവിധാനം, എല്‍ പിജി ,മണ്ണെണ്ണ വിതരണം എന്നിവ മാത്രമെ ആധാറമായി ബന്ധിപ്പിക്കാന്‍ പാടുള്ളുവെന്ന് 2015 ഓഗസ്റ്റില്‍ സുപ്രീംകോടതി ഉത്തരവ് പുറപ്പെടിച്ചിരുന്നു. വിധിക്കുശേഷം വോട്ടര്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് കമ്മീഷന്‍ നിര്‍ത്തിവച്ചു. എന്നാല്‍ വിധിക്ക് മുമ്പുതന്നെ 38 കോടി വോട്ടര്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിച്ച് കഴിഞ്ഞിരുന്നു.

വോട്ടര്‍ കാര്‍ഡുകള്‍ നിര്‍ബന്ധമായും ആധാറുമായി ബന്ധിപ്പിക്കുന്നതുതന്നെയാണ് കമ്മീഷന്റെ നിലപാടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ പി റാവത്തും പറഞ്ഞു.

വോട്ടര്‍ കാര്‍ഡിന് ബദലായി ആധാര്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിയുടെ രാജ്യസഭാംഗം ഭൂപേന്ദര്‍ യാദവ് അധ്യക്ഷനായ പാര്‍ലമെന്റി സമിതി തിരഞ്ഞെടുപ്പ് കമ്മീഷനോട് അഭിപ്രായം തേടിയിരുന്നു. എന്നാല്‍ രണ്ട് കാര്‍ഡുകള്‍ക്കും വ്യത്യസ്ത ലക്ഷ്യങ്ങളാണ് നടപ്പാക്കാനുള്ളതാണെന്ന് ചൂണ്ടിക്കാട്ടി കമ്മീഷന്‍ ഈ അഭിപ്രായത്തോട് യോജിച്ചില്ല. ആധാറുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഇപ്പോള്‍ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലാണ്.