വിധി പുനഃപരിശോധിക്കണം, 50 ശതമാനം വിവി പാറ്റ് രസീതുകളും എണ്ണണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം വീണ്ടും സുപ്രീം കോടതിയിലേക്ക്

വോട്ടിംഗ് മെഷീനുകളില്‍ വ്യാപകമായി തകരാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തുടരുന്ന പശ്ചാത്തലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു.
50 ശതമാനം വോട്ടുരസീതുകള്‍ എണ്ണേണ്ടതില്ലെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ പുനഃപരിശോധനാ ഹര്‍ജിയുമായിട്ടാണ് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ കോടതിയെ സമീപിച്ചത്. ഇന്നലെ അവസാനിച്ച മൂന്നാം ഘട്ട വോട്ടിംഗില്‍ രാജ്യത്താകമാനം വോട്ടിംഗ് മെഷീനുകള്‍ പണി മുടക്കിയിരുന്നു.

കേരളമടക്കമുള്ള പലേടത്തും ചെയ്യാത്ത വോട്ടുകള്‍ താമരയ്ക്ക് വീഴുന്നതായും പരാതികള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. നേരത്തെ അമ്പത് ശതമാനം വിവി പാറ്റ് രസീതികള്‍ എണ്ണണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മിയും ടിഡിപിയും അടക്കം 21 പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നുവെങ്കിലും ഓരോ മണ്ഡലത്തിലും അഞ്ച് ശതമാനം രസീതുകള്‍ എണ്ണിയാല്‍ മതിയെന്നായിരുന്നു സുപ്രീം കോടതി നിര്‍ദ്ദേശം.

400 പോളിംഗ് കേന്ദ്രങ്ങളടങ്ങുന്ന മണ്ഡലങ്ങളുണ്ടെന്നും വിവി പാറ്റ് എണ്ണുകയാണെങ്കില്‍ ഇത്തരം മണ്ഡലങ്ങളിലെ ഫലപ്രഖ്യാപനത്തിന് ഒന്‍പത് ദിവസമെങ്കിലും വേണ്ടി വരുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് ഒരു മണ്ഡലത്തിലെ അഞ്ച് മെഷീനുകളുടെ രസീതുകള്‍ എണ്ണാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാല്‍ ഇത് പോരെന്നും 50 ശതമാനം വിവി പാറ്റ് രസീതുകള്‍ തന്നെ എണ്ണണമെന്നുമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വ്യാപകമായ ഇ.വി.എം ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നടപടി.