വോട്ടിംഗ് മെഷീന്‍, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍: 20,000 കോടിയുടെ അഴിമതി നടത്തിയ കമ്പനിക്ക് ഇവിഎം നിര്‍മ്മാണത്തില്‍ പങ്ക്

ബിജെപിക്കെതിരേ വോട്ടിങ് മെഷീനില്‍ കൃത്രിമം കാണിക്കുന്നുണ്ടെന്ന ഗുരുതര ആരോപണങ്ങളുയരുന്ന സാഹചര്യത്തില്‍ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. മോഡി സര്‍ക്കാരിന്റെ കാലത്ത് ഗുജറാത്തില്‍ നടന്ന 20,000 കോടി രൂപയുടെ അഴിമതിയില്‍ ഏറ്റവും വലിയ ഗുണഭോക്താക്കളായ കമ്പനിക്ക് ഇന്ത്യയില്‍ വിതരണം ചെയ്ത വോട്ടിങ് മെഷീനിന്റെ നിര്‍മാണത്തില്‍ പങ്കുണ്ടെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ട് “ജനതാ കാ റിപ്പോര്‍ട്ടര്‍”
പുറത്തുവിട്ടു.

ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോര്‍പ്പറേഷനില്‍ നടന്ന 2000 കോടിയുടെ അഴിമതയില്‍ ഗുണഭോക്താക്കളായ ജിയോ ഗ്ലോബല്‍ റിസോഴ്‌സസും വോട്ടിങ് മെഷീന്‍ നിര്‍മാതാക്കളായ “മൈക്രോചിപ്പ് ഇങ്കും” തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തുന്നതാണ് റിപ്പോര്‍ട്ട്. ഈ രണ്ട് കമ്പനികളുടെയും ഉടമസ്ഥര്‍ ഏകദേശം ഒന്നാണെന്ന് തെളിയിക്കുന്ന രേഖകളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

ജിയോ ഗ്ലോബല്‍ റിസോഴ്‌സിന്റെയും വോട്ടിങ് മെഷീന്‍ നിര്‍മാതാക്കളായ അമേരിക്കന്‍ കമ്പനിയുടെയും ഉടമസ്ഥ സാദൃശ്യം അന്വേഷിച്ചതിലാണ് ഗുരുതര ബന്ധം കണ്ടെത്തിയിരിക്കുന്നത്. വടക്കെ അമേരിക്കയിലെ ബാര്‍ബഡോസില്‍ ലിസ്റ്റ് ചെയ്ത ജിയോ ഗ്ലോബല്‍ റിസോഴ്‌സസ് ഇന്ത്യയില്‍ അഹ്മദാബാദ് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന് മുമ്പ് കാര്യമായ ട്രാക്ക് റെക്കോഡുകളൊന്നുമില്ലാത്ത ജിയോ ഗ്ലോബല്‍ റിസോഴ്‌സസ് തട്ടിപ്പു കമ്പനിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എണ്ണ പര്യവേഷണം, കണ്‍സള്‍ട്ടിങ് എന്ന പേരില്‍ പൊതു ഖജനാവില്‍ നിന്ന് കോടിക്കണക്കിന് രൂപ തട്ടിപ്പിലൂടെ ഈ കമ്പനി കരസ്ഥമാക്കിയെന്നും ആരോപണമുണ്ടായിരുന്നു.

ഗുജറാത്ത് സര്‍ക്കാരിന് വമ്പന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കിയതില്‍ ഗുണഭോക്താക്കളായ ജിയോ ഗ്ലോബല്‍ റിസോഴ്‌സസ് ജിയോ ഗ്ലോബല്‍ റിസോഴ്സസ് ഇങ്ക് എന്ന കാനഡയിലുള്ള കലാഗരി കേന്ദ്രീകരിച്ചുള്ള മാതൃകമ്പനിക്ക് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. അമേരിക്കയിലെ കീ കാപ്പിറ്റല്‍ കോര്‍പ്പ് എന്ന ഫിനാന്‍ഷ്യല്‍ കമ്പനിയുടെ സബ്‌സിഡിയറിയാണ് ജിയോ ഗ്ലോബല്‍ റിസോഴ്‌സസ് ഇങ്ക്.

ഇന്ത്യയിലെ വോട്ടിങ് മെഷീന്‍ നിര്‍മിക്കുന്ന മൈക്രോചിപ്പ് ഇങ്കും കീ കാപ്പിറ്റല്‍ കോര്‍പ്പിന്റെയും ഉടമസ്ഥര്‍ ഏകദേശം ഒന്നാണെന്നാണ് നാസ്ഡാക്കില്‍ കമ്പനികള്‍ സമര്‍പ്പിച്ച രേഖകളില്‍ നിന്നും വ്യക്തമാകുന്നത്. വിദേശ ഇന്ത്യനായ സ്റ്റീവ് സങ്കിയാണ് ഇതിന്റെ ഉടമസ്ഥന്‍.

ഇന്ത്യയില്‍ ഉപയോഗിക്കുന്ന വോട്ടിങ് മെഷീനുകളില്‍ ഘടിപ്പിച്ചിരിക്കുന്ന മെക്രോചിപ്പുകള്‍ നല്‍കുന്നതിനൊപ്പം ഇതിലെ സോഫ്റ്റ്‌വെയര്‍ പ്രോഗ്രാം ചെയ്യുന്നതും മൈക്രോചിപ്പ് ഇങ്കാണ്. തെരഞ്ഞെടുപ്പ് കമ്മീഷനോ ഭാരത് ഇലക്ട്രോണിക് ലിമിറ്റഡിനോ ഇലക്ട്രോണിക് കോര്‍പ്പറേഷനോ ഈ പ്രോഗ്രാം റീഡ് ചെയ്യാന്‍ കഴിയാത്ത വിധത്തിലാണ് ഇത് സീല്‍ ചെയ്യുന്നതെന്നും ജനതാ റിപ്പോര്‍ട്ടര്‍ വാര്‍ത്തയില്‍ പറയുന്നു.