രാജ്യത്ത് ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത് പുതുപ്പള്ളിയോടൊപ്പം 6 നിയമസഭാ മണ്ഡലങ്ങളിൽ. 6 സംസ്ഥാനങ്ങളിലെ 7 നിയമസഭ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തിന് പുറമെ ത്രിപുര, പശ്ചിമബംഗാൾ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
ജാർഖണ്ഡിലെ ഡുമ്രി മണ്ഡലം, ത്രിപുരയിലെ ബോക്സാനഗർ, ധൻപൂർ, പശ്ചിമ ബംഗാളിലെ ദുപ്ഗുരി, യു.പിയിലെ ഘോസി, ഉത്തരാഖണ്ഡിലെ ബാഗേശ്വർ എന്നീ നിയമസഭ മണ്ഡലങ്ങളാണ് പുതുപ്പള്ളിക്കൊപ്പം വിധിയെഴുതുന്നത്. ധൻപൂരിലും ഘോസിയിലും ഒഴികെ മറ്റിടങ്ങളിൽ ജനപ്രതിനിധികളുടെ മരണമാണ് ഉപതിരഞ്ഞെടുപ്പിന് കാരണമായത്. ധൻപൂരിലും ഘോസിയിലും ജനപ്രതിനിധികൾ രാജിവെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ്.
പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ മുന്നണിയും ബിജെപിയും തമ്മിലെ ആദ്യ പോരാട്ടമാണ് ഇന്ന് നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാനായി രൂപംകൊണ്ട പ്രതിപക്ഷ സഖ്യമായ ‘ഇൻഡ്യ’ക്ക് കരുത്ത് തെളിയിക്കാൻ കൂടിയുള്ള അവസരമാണ് വന്നിരിക്കുന്നത്. ഇന്ത്യ മുന്നണി രൂപപ്പെട്ടതിന് ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണ് 6 സംസ്ഥാനങ്ങളിലെ 7 മണ്ഡലങ്ങളിലായി നടക്കുന്ന ഉപതിരഞ്ഞെടുപ്പ്.
ഉത്തരാഖണ്ഡിലെ ബാഗേശ്വറിൽ ബിജെപിയുടെ ചന്ദൻ രാംദാസാണ് 2022ലെ തിരഞ്ഞെടുപ്പിൽ ജയിച്ചത്. ചന്ദൻ രാംദാസിന്‍റെ മരണത്തെ തുടർന്നാണ് ബാഗേശ്വറിൽ ഉപതിരഞ്ഞെടുപ്പ്. യുപിയിലെ ഘോസിയിൽ എസ്പി സ്ഥാനാർഥി ധാരാസിങ് ചൗഹാനാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജയിച്ചത്. 22,000ലേറെ വോട്ടിന് ബിജെപിയെയാണ് തോൽപ്പിച്ചത്. ചൗഹാൻ എസ്പിയിൽ നിന്ന് രാജിവെച്ച് ബിജെപിയിൽ ചേർന്നതോടെയാണ് ഉപതിരഞ്ഞെടുപ്പ്.
പശ്ചിമ ബംഗാളിലെ ദുപ്ഗുരിയിൽ 2021ൽ ബിജെപിയുടെ ബിഷ്ണുപദ റോയ് ആണ് ജയിച്ചത്. 4300 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ തൃണമൂൽ സ്ഥാനാർഥിയെയാണ് തോൽപ്പിച്ചത്. റോയുടെ മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
Read more
പശ്ചിമ ബംഗാളിലെ ദുപ്ഗുഡിയിൽ തൃണമൂൽ കോൺഗ്രസും ബിജെപിയും സിപിഐഎം-കോൺഗ്രസ് സഖ്യവും തമ്മിലാണ് മത്സരം. ഉത്തർപ്രദേശിലെ ഘോസിയിൽ ഇന്ത്യ സഖ്യത്തിന്റെ പിന്തുണ സമാജ്‌വാദി പാർട്ടി സ്ഥാനാർഥിക്കുണ്ട്. സെപ്റ്റംബർ എട്ടിനാണ് എല്ലായിടത്തും ഫലപ്രഖ്യാപനം.