വാക്‌സിനെടുത്തില്ലെങ്കില്‍ ജീവനക്കാർക്ക് ശമ്പളം നല്‍കില്ലെന്ന് മഹാരാഷ്ട്രയിലെ താനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍. ഒരു ഡോസ് വാക്‌സിനെങ്കിലും എടുക്കണമന്നാണ് കോര്‍പ്പറേഷന്‍ ജീവനക്കാരോട് ആവശ്യപ്പെടുന്നത്.
സിവിക് കമ്മീഷണര്‍ ഡോ.വിപിന്‍ ശര്‍മ, മേയര്‍ നരേഷ് മഹാസ്‌കെ എന്നിവരും കോര്‍പ്പറേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് തിങ്കളാഴ്ച്ച നടത്തിയ യോഗത്തിലാണ് ഈ തീരുമാനം.
ആദ്യ ഡോസ് എടുക്കാത്ത സിവില്‍ ജീവനക്കാര്‍ക്കും, നിശ്ചിത സമയത്തിനുള്ളില്‍ രണ്ടാം ഡോസ് സ്വീകരിക്കാത്തവര്‍ക്കും ശമ്പളം നല്‍കില്ലെന്ന് തിങ്കളാഴ്ച രാത്രി കോര്‍പ്പറേഷന്‍ ഔദ്യോഗിക കുറിപ്പിലൂടെ അറിയിച്ചു. ജീവനക്കാര്‍ ഓഫീസുകളില്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്ന കാര്യവും കോര്‍പ്പറേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.
ഈ മാസം അവസാനത്തോടെ നൂറു ശതമാനം വാക്‌സിനേഷന്‍ എന്ന ലക്ഷ്യം കൈവരിക്കാനായുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് മേയര്‍ മാധ്യമങ്ങളോട് പറഞ്ഞു. നഗരത്തില്‍ ചൊവ്വാഴ്ച മുതല്‍ വിപുലമായ വാക്‌സിന്‍ കുത്തിവെയ്പ്പ് ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
വാക്‌സിനേഷന്‍ ലക്ഷ്യം പൂര്‍ത്തിയാക്കുന്നതിനായി മേയര്‍ ജനങ്ങളുടെ സഹകരണം തേടി. ‘ഓൺ-വീൽസ്’ ഇനോക്കുലേഷൻ സൗകര്യങ്ങളും ജംബോ വാക്‌സിനേഷൻ സെന്ററുകളും ഉൾപ്പെടെ വ്യത്യസ്ത വാക്‌സിനേഷൻ കേന്ദ്രങ്ങൾ താനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ലഭ്യമാക്കിയിട്ടുണ്ട്. നഗരത്തിൽ സ്ഥിരമായി ക്യാമ്പുകളും നടക്കുന്നുണ്ടെന്നും മേയർ പറഞ്ഞു.
കല്‍വയിലെ ഛത്രപതി ശിവജി മഹാരാജ് ജനറല്‍ ഹോസ്പിറ്റലിലേക്ക് രോഗികള്‍ക്കൊപ്പം എത്തുന്നവര്‍ വാക്‌സിന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണമെന്നും ഇതുവരെ വാക്‌സിന്‍ സ്വീകര്ച്ചിട്ടില്ലാത്തവര്‍ക്ക് ഇവിടെ നിന്ന് കുത്തിവെയ്പ് നല്‍കുമെന്നും മേയര്‍ അറിയിച്ചു.
‘ഹര്‍ ഘര്‍ ദസ്തക്’ പദ്ധതി പ്രകാരം, ആരോഗ്യ പ്രവർത്തകർ, ആശാ (അക്രഡിറ്റഡ് സോഷ്യല്‍ ഹെല്‍ത്ത് ആക്ടിവിസ്റ്റ്) പ്രവര്‍ത്തകര്‍, നഴ്സുമാര്‍ എന്നിവര്‍ വീടുകള്‍ തോറും കയറി വാക്സിന്‍ എടുക്കാത്തവരുടെ വിവരങ്ങള്‍ ശേഖരിക്കും. ഇതിനായി 167 പേരടങ്ങുന്ന സംഘം രൂപീകരിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വാക്‌സിനേഷനെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി വിവിധ സ്‌കൂളുകളില്‍ നിന്നും കോളജുകളില്‍ നിന്നുമുള്ള അധ്യാപകരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രതിരോധ കുത്തിവെയ്പ്പുകളുടെ പ്രാധാന്യത്തെ കുറിച്ച് രക്ഷിതാക്കളെ ബോധവാന്മാരാക്കുമെന്നും, മാലിന്യ ശേഖരണ വാഹനങ്ങള്‍ പ്രതിരോധ കുത്തിവെയ്പ്പിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള സന്ദേശം പ്രചരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read more
നഗരത്തില്‍ കോവിഡ് -19 കേസുകള്‍ കുറയുന്നത് നല്ല സൂചനയാണെന്നും ഇനി കേസുകള്‍ ഉയരാതിരിക്കാന്‍ മെഗാ വാക്സിനേഷന്‍ ഡ്രൈവാണ് ഏക പരിഹാരമെന്നും മേയര്‍ പറഞ്ഞു.