വഖഫ് ഭേദഗതി ബിൽ; സംയുക്ത പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ടിന് രാജ്യസഭയില്‍ അംഗീകാരം, പ്രതിപക്ഷ ബഹളം

2024 ലെ വഖഫ് ഭേദഗതി ബില്ലിനെക്കുറിച്ചുള്ള സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയുടെ (ജെപിസി) റിപ്പോര്‍ട്ടിന് രാജ്യസഭയുടെ അംഗീകാരം. പ്രതിപക്ഷത്തിന്റെ വന്‍ പ്രതിഷേധങ്ങള്‍ക്കിടയില്‍ രാജ്യസഭയില്‍ ബിൽ അവതരിപ്പിക്കുകയും പിന്നീട് അംഗീകരിക്കുകയും ചെയ്യുകയായിരുന്നു. പ്രതിപക്ഷ ബഹളത്തെതുടര്‍ന്ന് ചെയര്‍പേഴ്സണ്‍ ജഗ്ദീപ് ധന്‍ഖര്‍ സഭാ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

വഖഫ് സ്വത്തുക്കളുടെ രജിസ്‌ട്രേഷന്‍ കാര്യക്ഷമമാക്കാന്‍ ലക്ഷ്യമിട്ടുള്ള ബില്ലിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് രാജ്യസഭാ എംപി മേധ കുല്‍ക്കര്‍ണി മേശപ്പുറത്ത് വച്ചപ്പോള്‍, തങ്ങളുടെ വിയോജിപ്പ് കുറിപ്പുകളുടെ ചില ഭാഗങ്ങള്‍ നീക്കം ചെയ്‌തെന്നു ആരോപിച്ചു പ്രതിപക്ഷ എംപിമാര്‍ മുദ്രാവാക്യം വിളിക്കുകയും ബഹളം വയ്ക്കുകയും ചെയ്തു.

രാഷ്ട്രപതിയുടെ സന്ദേശം ധന്‍ഖര്‍ വായിക്കാന്‍ ശ്രമിച്ചപ്പോഴും ബഹളം തുടര്‍ന്നു. ‘ഇന്ത്യന്‍ രാഷ്ട്രപതിയോട് അനാദരവ് കാണിക്കരുത്,’ എന്ന് ധന്‍ഖര്‍ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എംപിയുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് ആവശ്യപ്പെട്ടു. പ്രതിപക്ഷ അംഗങ്ങളെ ശാന്തരാക്കാണമെന്നും ഖാര്‍ഗെയോട് ധന്‍ഖര്‍ അഭ്യര്‍ത്ഥിച്ചു.

മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ജനുവരി 30 ന് സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയുടെ (ജെപിസി) അന്തിമ റിപ്പോര്‍ട്ട് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് സമര്‍പ്പിച്ചത്. ഭേദഗതി ചെയ്ത പരിഷ്‌കരിച്ച ബില്‍ ജനുവരി 29 ന് പാനല്‍ അംഗീകരിച്ചു. ഭരണകക്ഷിയായ എന്‍ഡിഎ അംഗങ്ങള്‍ നിര്‍ദ്ദേശിച്ച 14 ഭേദഗതികള്‍ അംഗീകരിച്ചപ്പോള്‍, പ്രതിപക്ഷ എംപിമാര്‍ നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ നിരസിക്കപ്പെട്ടിരുന്നു.

Read more