ഉത്തരാഖണ്ഡിലെ മദ്രസകളില്‍ സംസ്‌കൃതം പഠിപ്പിക്കാനുള്ള തീരുമാനവുമായി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ഷാദാബ് ഷംസ്. എന്‍സിഇആര്‍ടി പാഠ്യപദ്ധതിയും മദ്രസകളില്‍ ഉള്‍പ്പെടുത്തുമെന്നും സംസ്ഥാനത്തെ ബിജെപി നേതാവ് കൂടിയായ ഷാദാബ് പറഞ്ഞു. ഉത്തരാഖണ്ഡിലെ 117 മദ്രസകളിലാണ് മറ്റു വിഷയങ്ങള്‍ക്കൊപ്പം സംസ്‌കൃതവും പഠിപ്പിക്കാന്‍ വഖഫ് ബോര്‍ഡ് തീരുമാനിച്ചത്.
മദ്രസകളില്‍ മാറ്റങ്ങളുണ്ടാകണമെന്ന അഭിപ്രായമുള്ളവരാണ് മുസ്ലിം സമുദായമെന്നും മാറ്റങ്ങളോടെല്ലാം മുസ്ലീം ജനവിഭാഗം സന്തോഷത്തോടെയാണ് പ്രതികരിക്കുന്നതെന്നും ഷാദാബ് ഷംസ് അറിയിച്ചു. ദേവഭൂമിയായ ഉത്തരാഖണ്ഡിലല്ലെങ്കില്‍ പിന്നെ എവിടെയാണ് സംസ്‌കൃതം പഠിപ്പിക്കുകയെന്നും ഷാദാബ് ചോദിച്ചു.
റസിയ സുല്‍ത്താന എന്ന മുസ്ലീം വിദ്യാര്‍ത്ഥിനിയെ കുറിച്ച് പറഞ്ഞുകൊണ്ടാണ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സംസ്‌കൃത വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ചത്. റസിയ സുല്‍ത്താന സംസ്‌കൃതത്തില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ത്ഥിനിയാണ്. റസിയ സുല്‍ത്താന ഖുര്‍ആന്‍ സംസ്‌കൃതത്തിലേക്കു പരിഭാഷപ്പെടുത്താനുള്ള ശ്രമത്തിലാണെന്നും വിദ്യാര്‍ത്ഥിനിയെ വഖഫ് ബോര്‍ഡിന്റെ വിദ്യാഭ്യാസ സമിതി അംഗമാക്കാന്‍ ആലോചിക്കുന്നതായും ഷാദാബ് അറിയിച്ചു.
ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത മദ്രസകള്‍ ആധുനികവല്‍ക്കരിക്കുമെന്ന് പറഞ്ഞ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകളും ടാബ്ലെറ്റുകളും നല്‍കുമെന്നും ഐടി പാഠ്യ വിഷയമാക്കുമെന്നും വ്യക്തമാക്കി. മുന്‍പും മദ്രസകളില്‍ സംസ്‌കൃതം പഠിപ്പിക്കണമെന്ന് മദ്രസ വെല്‍ഫെയര്‍ സൊസൈറ്റി ആവശ്യമുന്നയിച്ചിരുന്നു.