കര്‍ഷക സമരവുമായി ബന്ധപ്പെട്ട ചില അക്കൗണ്ടുകള്‍ക്കും പോസ്റ്റുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചെന്ന് ഇലോണ്‍ മസ്‌കിന്റെ എക്‌സ് (ട്വിറ്റര്‍). കേന്ദ്രത്തിനെതിരായ കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ് നീക്കം ചെയ്യാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായി എക്‌സിനോട് ബിജെപി സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇത്തരത്തില്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടികളില്‍ വിയോജിപ്പുണ്ടെന്ന് എക്‌സ് തുറന്നടിച്ചു. മുമ്പും ട്വിറ്ററും കേന്ദ്രസര്‍ക്കാരും തമ്മില്‍ കൊമ്പുകോര്‍ക്കുകയും നിയമനടപടികളിലേക്ക് നീങ്ങുകയും ചെയ്തിട്ടുണ്ട്.
നരേന്ദ്ര മോദി സര്‍ക്കാര്‍ ആവശ്യപ്പെട്ട അക്കൗണ്ടുകള്‍ ഇന്ത്യയില്‍ മാത്രം ലഭിക്കാത്ത രീതിയില്‍ നീക്കം ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ഇക്കാര്യം ലോകമറിയണമെന്നും എക്‌സ് സന്ദേശത്തിലൂടെ അറിയിച്ചു. ആശയപരമായി സര്‍ക്കാരിന്റെ ഇത്തരം നീക്കങ്ങളോട് വിയോജിപ്പുണ്ടെന്നും കമ്പനി തുറന്നടിച്ചു. നിയമപരമായ തടസ്സമുള്ളതിനാല്‍ ഉത്തരവിന്റെ പകര്‍പ്പ് പ്രസിദ്ധപ്പെടുത്താനാകില്ലെന്നും എക്‌സ് അറിയിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ നടപടി ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്നും ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്‌സ് തങ്ങളുടെ ഗ്ലോബല്‍ ഗവണ്‍മെന്റ് അഫയേഴ്സ് പേജിലൂടെ അറിയിച്ചു.
നിയന്ത്രണം ഏര്‍പ്പെടുത്തുന്ന അക്കൗണ്ട് ഉടമകള്‍ക്ക് അറിയിപ്പു നല്‍കിയിട്ടുണ്ട്. ഈ പോസ്റ്റുകള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം ബാധകമാണെന്ന് പറഞ്ഞുകൊണ്ടാണ് ചില അക്കൗണ്ടുകളെ ഗവണ്‍മെന്റ് നിര്‍ദേശ പ്രകാരം വിലക്കേണ്ടി വന്നുവെന്ന് എക്സ് തുറന്നു പറഞ്ഞത്. കര്‍ഷകസമരവുമായി ബന്ധപ്പെട്ട 177 അക്കൗണ്ടുകള്‍ താല്‍കാലികമായി ബ്ലോക്ക് ചെയ്യാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സോഷ്യല്‍ മീഡിയാ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
നിയമ പ്രശ്‌നങ്ങളാല്‍ സര്‍ക്കാര്‍ ഉത്തരവ് കാണിക്കാന്‍ കഴിയില്ലെന്ന് പറയുമ്പോഴും അവ പരസ്യമാക്കുന്നത് സുതാര്യതയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് തങ്ങള്‍ വിശ്വസിക്കുന്നുവെന്ന് പറയാനും മസ്‌കിന്റെ കമ്പനി മടിച്ചില്ല. ഇന്നലെ അര്‍ദ്ധരാത്രി കഴിഞ്ഞുള്ള എക്സിന്റെ പോസ്റ്റില്‍ ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കാന്‍ കേന്ദ്രം ഇതുവരെ തയ്യാറായിട്ടില്ല.
തങ്ങളുടെ നിലപാടിന് അനുസൃതമായി അക്കൗണ്ടുകളും പോസ്റ്റുകളും ബ്ലോക്ക് ചെയ്യാനാവശ്യപ്പെട്ടുള്ള ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഉത്തരവിനെതിരെ ഒരു റിട്ട് അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നും എക്സ് വ്യക്തമാക്കിയിട്ടുണ്ട്. നടപടിക്ക് വിധേയരായ അക്കൗണ്ട് ഉടമകളെ തങ്ങളുടെ നയങ്ങള്‍ക്ക് അനുസൃതമായി വിവരം അറിയിച്ചുവെന്നും ഇത് നല്ല കീഴ്‌വഴക്കമല്ലെന്നും ഇത്തരത്തില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടായ കാര്യം ജനങ്ങള്‍ അറിയണമെന്നതിനാലാണ് ഈ പോസ്റ്റിലൂടെ വിവരം വെളിപ്പെടുത്തിയതെന്നും എക്‌സ് വ്യക്തമാക്കി.
മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ വിലക്കാനും ഉള്ളടക്കം നീക്കം ചെയ്യാനും ട്വിറ്ററിന് മേല്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന ട്വിറ്ററിന്റെ മുന്‍ മേധാവി ജാക്ക് ഡോര്‍സിയുടെ ആരോപണം നേരത്തെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. അന്ന് വേറൊരു മാനേജ്‌മെന്റിന്റെ കീഴില്‍ ട്വിറ്റര്‍ എന്ന പേരിലായിരുന്നു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം. 2021 ല്‍ കേന്ദ്രവും ട്വിറ്ററും കോടതിയില്‍ ഏറ്റുമുട്ടുകയും ചെയ്തിരുന്നു.