ശക്തമായ തിരഞ്ഞെടുപ്പ് പോരാട്ടത്തിനു വേദിയായ ബംഗാളില്‍ ഹാട്രിക്ക് വിജയം നേടി തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക്. ആകെയുള്ള 294 സീറ്റുകളില്‍ 292 സീറ്റുകളിലെ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് 204സീറ്റില്‍ ലീഡ് ചെയ്യുന്നു. ബിജെപി 84 സീറ്റുകളിലാണ് ലീഡ്
ചെയ്യുന്നത്. ഇടതുകോണ്‍ഗ്രസ് സഖ്യം ഒരു സീറ്റിലാണ് ലീഡ് ചെയ്യുന്നത്.
അതേസമയം, ബംഗാളിലെ നന്ദിഗ്രാമില്‍ നാലു റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ മമത ബാനര്‍ജി തിരിച്ചുവരവിന്റെ പാതയിലാണ്. മൂന്നാം റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ തന്റെ പഴയ വിശ്വസ്തന്‍ സുവേന്ദു അധികാരിക്കെതിരെ 8106 വോട്ടിനു പിന്നിലായിരുന്ന മമത, ഇപ്പോള്‍ സുവേന്ദുവിന്റെ ലീഡ് 3775യി കുറച്ചു.
ആകെ 294 സീറ്റുകളുള്ള ബംഗാള്‍ നിയമസഭയിലേക്ക് എട്ടു ഘട്ടങ്ങളിലാണ് വോട്ടെടുപ്പു നടന്നത്. ഏപ്രില്‍ 29നായിരുന്നു അവസാന ഘട്ട വോട്ടെടുപ്പ്. അധികാരത്തില്‍ ഹാട്രിക് ലക്ഷ്യമിട്ടാണ് മമതാ ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും ഇക്കുറി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ആകെയുള്ള 294 സീറ്റുകളില്‍ 200ല്‍ അധികം സീറ്റുകള്‍ നേടി വന്‍ അട്ടിമറിയാണ് ബിജെപി ലക്ഷ്യമിട്ടത്.