'ചൈന രണ്ട് ദിവസം കൊണ്ട് ചെയ്യുന്നത് മോഡി സര്‍ക്കാര്‍ ചെയ്യുന്നത് ഒരു വര്‍ഷം കൊണ്ട്': മോഡിയെ പരിഹസിച്ച് രാഹുല്‍

മോഡി ഭരണത്തെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ചൈന രണ്ട് ദിവസം കൊണ്ട് പൂര്‍ത്തിയാക്കുന്നത് മോഡി സര്‍ക്കാര്‍ ഒരു വര്‍ഷം കൊണ്ടാണ് ചെയ്തു തീര്‍ക്കുന്നത് എന്നായിരുന്നു രാഹുലിന്റെ പരിഹാസം. അമേത്തി സന്ദര്‍ശന വേളയിലാണ് രാഹുലിന്റെ പരിഹാസം. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യമായാണ് സ്വന്തം മണ്ഠലമായ അമേത്തിയില്‍ രാഹുല്‍ സന്ദര്‍ശനം നടത്തുന്നത്.

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് രാഹുല്‍ ഗാന്ധിയെ ശ്രീരാമനായും നരേന്ദ്ര മോഡിയെ രാവണനായും ചിത്രീകരിച്ചുകൊണ്ട് അമേത്തിയില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി മോഡിയെ പരാജയപ്പെടുത്തി അധികാരത്തിലേറുമെന്നായിരുന്നു പോസറ്ററിലുണ്ടായിരുന്നത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദീര്‍ഘകാലം തങ്ങളുടെ തട്ടകമായിരുന്ന അമേത്തിയില്‍ കോണ്‍ഗ്രസിന് വന്‍ പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. അതുകൊണ്ട് തന്നെ വരുന്ന നിയമഭാ തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ അമേത്തി സന്ദര്‍ശനം.

അമേത്തിയില്‍ ദ്വിദിന സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ലഖ്നൗ-റായ്ബറേലി റോഡിലെ ചുര്‍വാ ഹനുമാന്‍ ക്ഷേത്രത്തിലെ പ്രാര്‍ത്ഥനയിലും പങ്കെടുത്തു. ഇതിനിടെ സാല്‍വണ്‍ മേഖലയില്‍ രാഹുല്‍  പങ്കെടുത്ത ഒരു പരിപാടിക്കിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചുവെന്നാരോപിച്ച് ബി.ജെ.പി എം.എല്‍.എ അടക്കമുള്ളവര്‍ സംഘര്‍ഷമുണ്ടാക്കി.