നാഗാലാൻഡിലെ മോൺ ജില്ലയിൽ സാധാരണക്കാരായ ആളുകൾ കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. “ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നത്?” എന്ന് ചോദിച്ച രാഹുൽ ഗാന്ധി സർക്കാർ ശരിയായ മറുപടി നൽകണമെന്നും പറഞ്ഞു.
“ഇത് ഹൃദയഭേദകമാണ്. കേന്ദ്ര സർക്കാർ ശരിയായ മറുപടി നൽകണം. നമ്മുടെ സ്വന്തം നാട്ടിൽ സിവിലിയന്മാരോ സുരക്ഷാ ഉദ്യോഗസ്ഥരോ സുരക്ഷിതരല്ലാത്തപ്പോൾ ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നത്?” രാഹുൽ ട്വിറ്ററിൽ കുറിച്ചു.
നാഗാലാൻഡിലെ മോൺ ജില്ലയിലെ ഒട്ടിങ്ങിനും തിരു ഗ്രാമത്തിനും ഇടയിൽ ശനിയാഴ്ച വൈകുന്നേരം നടന്ന വെടിവയ്പ്പിൽ ഒരു സൈനികനും13 ഗ്രാമവാസികളും കൊല്ലപ്പെട്ടു. സംസ്ഥാനം നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം വിഷയം അന്വേഷിക്കുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞു.
മ്യാൻമറുമായി അതിർത്തി പങ്കിടുന്ന മോൺ ജില്ലയിൽ സായുധകലാപത്തിനെതിരായ ഓപ്പറേഷനായി സുരക്ഷാ സേനയെ സജ്ജമാക്കിയിരുന്നു. കലാപകാരികളുടെ നീക്കത്തെക്കുറിച്ചുള്ള സൂചനയെത്തുടർനന്നായിരുന്നു ഇത്. ഓട്ടിംഗ് ഗ്രാമത്തിന് സമീപം പതിയിരുന്ന് ആക്രമണം നടത്താനായിരുന്നു പദ്ധതി.
എന്നാൽ, ഗ്രാമീണർ സഞ്ചരിച്ചിരുന്ന ഒരു വാഹനത്തിന് നേരെ തിരു-ഓട്ടിങ്ങ് റോഡിൽ വെച്ച് വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. തൊട്ടുപിന്നാലെ രോഷാകുലരായ നാട്ടുകാർ സുരക്ഷാ സേനയെ വളഞ്ഞു. “സ്വയം പ്രതിരോധത്തിനായി” ജനക്കൂട്ടത്തിന് നേരെ സൈന്യം വെടിയുതിർത്തതിനാൽ ഏഴ് ഗ്രാമീണർക്ക് പരിക്കേറ്റതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. സുരക്ഷാസേനയുടെ മൂന്ന് വാഹനങ്ങളും അഗ്നിക്കിരയാക്കി.