ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ പേരില്‍ വ്യാജ വാട്‌സ് ആപ്പ് അക്കൗണ്ടുണ്ടാക്കി പണത്തട്ടിപ്പ് നടത്തുന്നതായി റിപ്പോര്‍ട്ട്. വെങ്കയ്യ നായിഡുവാണെന്നു പറഞ്ഞ് വിഐപികളെ വാട്സ്ആപ്പില്‍ സമീപിച്ച് പണം ആവശ്യപ്പെടുന്നുവെന്നാണ് വിവരം. ഉപരാഷ്ട്രപതിയുടെ ഓഫീസ് ആണ് ഇതേക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്.
9439073183 എന്ന മൊബൈല്‍ നമ്പറില്‍നിന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണെന്നു പറഞ്ഞ് ഒരാള്‍ ആള്‍മാറാട്ടം നടത്തി സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ച് വാട്സ്ആപ്പ് സന്ദേശങ്ങള്‍ അയക്കുന്നുണ്ട്. ഇതേക്കുറിച്ച് ജാഗ്രത പാലിക്കാന്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.
നിരവധി വി.ഐ.പികകളോട് സഹായം തേടി വാട്സ്ആപ്പില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. വേറെയും നമ്പറുകളില്‍നിന്ന് ഇത്തരത്തിലുള്ള വ്യാജ സന്ദേശം ലഭിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. വിഷയം ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്.