ചാറ്റുകളുടെ ഉറവിടം കണ്ടെത്താൻ സർക്കാരുകളെ അനുവദിക്കുന്ന കേന്ദ്ര സർക്കാരിന്റെ നിയമത്തിനെതിരെ വാട്‌സ്ആപ്പ്. ചാറ്റുകൾ സുരക്ഷിതമാക്കാനുള്ള എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സംവിധാനം തകർക്കാൻ ശ്രമിച്ചാൽ ഇന്ത്യയിലെ സേവനം മതിയാക്കേണ്ടി വരുമെന്ന് ഡൽഹി ഹൈക്കോടതിയിൽ മെറ്റ സ്ഥാപനമായ വാട്‌സ്ആപ്പ് അറിയിച്ചു.
സന്ദേശമയയ്‌ക്കുന്നവർക്കും സ്വീകർത്താവിനും മാത്രം സന്ദേശത്തിന്റെ ഉള്ളടക്കം ആക്‌സസ് ചെയ്യാൻ കഴിയൂ എന്ന് ഉറപ്പുവരുത്തുന്നതിലൂടെ ഉപയോക്തൃ സ്വകാര്യത സംരക്ഷിക്കുന്നതാണ് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സംവിധാനം. എന്നാൽ ചാറ്റുകളുടെ ഉറവിടം കണ്ടെത്താൻ സർക്കാരുകളെ അനുവദിക്കുന്നതാണ് ഇൻഫർമേഷൻ ടെക്‌നോളജി (ഇൻ്റർമീഡിയറി മാർഗനിർദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡും) റൂൾസ് 2021. ഈ നിയമത്തിന്റെ എതിർത്തായിരുന്നു വാട്സാപ്പ് കോടതിയിലെത്തിയത്.
കേന്ദ്ര സർക്കാരിന്റെ ഈ നിയമം എൻക്രിപ്ഷനെ ദുർബലപ്പെടുത്തുകയും ഇന്ത്യൻ ഭരണഘടനയ്ക്ക് കീഴിലുള്ള ഉപഭോക്തൃ സ്വകാര്യത പരിരക്ഷകൾ ലംഘിക്കുകയും ചെയ്യുന്നതായി കമ്പനി വാദിച്ചു. ‘ഒരു പ്ലാറ്റ്‌ഫോം എന്ന നിലയിൽ പറയുന്നു, ഞങ്ങളോട് എൻക്രിപ്ഷൻ തകർക്കാൻ പറഞ്ഞാൽ വാട്‌സ്ആപ്പ് ഇന്ത്യ വിടും’- സ്ഥാപനത്തിനായി കോടതിയിൽ ഹാജരായ തേജസ് കറിയ ഡിവിഷൻ ബെഞ്ചിനോട് പറഞ്ഞു. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14, 19, 21 എന്നിവ പ്രകാരം ഉറപ്പുനൽകുന്ന ഉപയോക്താക്കളുടെ മൗലികാവകാശങ്ങളും നിയമം ലംഘിക്കുന്നു.
വാട്‌സ്ആപ്പ് വാഗ്ദാനം ചെയ്യുന്ന സ്വകാര്യത സവിശേഷതകൾ കാരണമാണ് ആളുകൾ ആപ്പ് ഉപയോഗിക്കുന്നത്. ഇന്ത്യയിൽ 400 ദശലക്ഷത്തിലധികം ഉപയോക്താക്കളാണുള്ളത്. ഉള്ളടക്കത്തിൻ്റെ എൻക്രിപ്‌ഷനെയും ഉപയോക്താക്കളുടെ സ്വകാര്യതയെയും നിയമങ്ങൾ ദുർബലപ്പെടുത്തുന്നുവെന്ന് പ്ലാറ്റ്‌ഫോം വാദിച്ചു. ലോകത്ത് മറ്റൊരിടത്തും ഇത്തരമൊരു നിയമമില്ലെന്നും വാട്സാപ്പ് കോടതിയിൽ പറഞ്ഞു.
അതേസമയം കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ കീർത്തിമാൻ സിങ്, സന്ദേശങ്ങൾ അയച്ചവരെ കണ്ടെത്തേണ്ടതിൻ്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. അതുകൊണ്ടുതന്നെ അത്തരമൊരു സംവിധാനം അനിവാര്യമാണെന്ന് കീർത്തിമാൻ സിങ് വാദിച്ചു. ഹർജിയിൽ തുടർവാദത്തിനായി കേസ് ഓഗസ്റ്റ് പതിനാലിലേക്ക് മാറ്റി.