ഇസ്രായേലിനായി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് ഖത്തറില്‍ മുന്‍ ഇന്ത്യന്‍ നാവികരെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കിയത് ബോളിവുഡ് താരം ഷാരൂഖ് ഖാനെന്ന് സുബ്രഹ്‌മണ്യന്‍ സ്വാമി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും നടത്തിയ ശ്രമങ്ങള്‍ ആദ്യഘട്ടത്തില്‍ പരജായപ്പെട്ടെന്നും സുബ്രഹ്‌മണ്യന്‍ സ്വാമി എക്‌സില്‍ കുറിച്ചു.
ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ നരേന്ദ്രമോദി ഷാരൂഖ് ഖാന്റെ സഹായം തേടുകയായിരുന്നെന്നും സ്വാമി കുറിപ്പില്‍ വ്യക്തമാക്കുന്നു. എന്നാല്‍ സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ പ്രസ്താവനയോട് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല. അതേസമയം ഖത്തറിലേക്ക് മോദി ഷാരൂഖ് ഖാനെയും ഒപ്പം കൊണ്ടുപോകണമെന്നും സുബ്രഹ്‌മണ്യന്‍ സ്വാമി പറഞ്ഞു.
യുഎഇയിലേക്ക് യാത്ര തിരിച്ച പ്രധാനമന്ത്രി നാളെ ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തും. യാത്രയ്ക്ക് മുന്നോടിയായി പുറത്തിറക്കിയ പ്രസ്താവനയില്‍ ഖത്തര്‍ അമീറിനെ പുകഴ്ത്തിയിരുന്നു. എന്നാല്‍ നാവികരെ വിട്ടയച്ച സംഭവം യാത്രയ്ക്ക് മുന്‍പുള്ള പ്രസ്താവനയില്‍ പ്രധാനമന്ത്രി പരാമര്‍ശിച്ചിട്ടില്ല.