രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടി പ്രവേശനത്തെ സംബന്ധിച്ച്് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗാണ് ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായം ഉയര്‍ന്നിട്ടുണ്ടെന്ന് അറിയിച്ചത്.
ബിജെപിയടക്കം പല പാര്‍ട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയാണ് പ്രശാന്ത് കിഷോര്‍. അദ്ദേഹത്തിന്റെ വിശ്വാസ്യതയില്‍ പാര്‍ട്ടിക്കുള്ളില്‍ ചിലര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ദിഗ്‌വിജയ് സിംഗ് പറഞ്ഞു. പ്രശാന്ത് കോണ്‍ഗ്രസിന്റെ ഭാഗമായിക്കഴിഞ്ഞാല്‍ പിന്നെ മറ്റ് പാര്‍ട്ടികളുമായി സഹകരിക്കരുതെന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. ചെറുപാര്‍ട്ടികളുമായുള്ള പ്രശാന്ത് കിഷോറിന്റെ സഹകരണം ഗുണം ചെയ്യുമെന്നും ചില നേതാക്കള്‍ വിലയിരുത്തുന്നുണ്ട്.
കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് ചില നിര്‍ദ്ദേശങ്ങള്‍ നേരത്തെ പ്രശാന്ത് കിഷോര്‍ സമര്‍പ്പിച്ചിരുന്നു. അവയെ കുറിച്ച് സമിതി ചര്‍ച്ച ചെയ്ത ശേഷം റിപ്പോര്‍ട്ട് സോണിയഗാന്ധിക്ക് നല്‍കി. ഗാന്ധി കുടുംബത്തിന് പുറത്തുള്ളയാള്‍ നേതൃത്വ നിരയിലേക്കെത്തണം, പാര്‍ട്ടിയുടെ താഴെത്തട്ടില്‍ നിന്ന് അഴിച്ചു പണി തുടങ്ങണം എന്നിങ്ങനെയാണ് നിര്‍ദ്ദേശങ്ങള്‍. സമിതി റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ഇക്കാര്യങ്ങളില്‍ സോണിയ ഗാന്ധി തീരുമാനമെടുക്കും. തീരുമാനമെന്തായാലും അത് അംഗീകരിക്കുമെന്ന് ദിഗ്‌വിജയ് സിംഗ് പറഞ്ഞു.