രാജീവ് ഗാന്ധിക്കൊപ്പം അമേഠിയിലെത്തിയ ശർമ്മാജി; ആരാണ് കിഷോരി ലാല്‍ ശര്‍മ?

ഏറെ ദിവസങ്ങളായുള്ള സസ്പെൻസുകൾക്ക് വിരാമമിട്ട് അമേഠി, റായ്ബറേലി സീറ്റുകളിലെ സ്ഥാനാർത്ഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുകയാണ്. അമേഠിയിലും റായ്ബറേലിയിലും നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് സ്ഥാനാർത്ഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചത്.

രാഹുല്‍ ഗാന്ധി റായ്ബറേലിയിൽ പോരാട്ടത്തിനിറങ്ങുമ്പോൾ അമേഠിയിൽ നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തന്‍ കിഷോരി ലാല്‍ ശര്‍മയാണ് മത്സരിക്കുന്നത്. സോണിയക്കും രാഹുലിനും വേണ്ടി റായ്ബറേലിയിലും അമേഠിയിലും പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ചിരുന്ന നേതാവാണ് കിഷോരി ലാല്‍ ശര്‍മ. രാഹുൽ വയനാട്ടില്‍ മാത്രം മത്സരിക്കുന്നത് ഉത്തരേന്ത്യയില്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് രണ്ടാമതൊരു മണ്ഡലം കൂടി തിരഞ്ഞെടുക്കാന്‍ പാര്‍ട്ടി രാഹുലിനോട് ആവശ്യപ്പെട്ടത്.

റായ്ബറേയില്‍ സോണിയക്ക് പകരം രാഹുല്‍ തന്നെയെത്തുന്നു എന്നത് അവിടുത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അവേശം പകരുന്ന വാര്‍ത്തയാണ്. എന്നാൽ സ്മൃതി ഇറാനി പിടിച്ചെടുത്ത കോൺഗ്രസിന്റെ കോട്ടയായിരുന്ന അമേഠി തിരിച്ചെടുക്കാന്‍ രാഹുല്‍ വരുമെന്ന് കാത്തിരുന്ന അമേഠിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നിരാശയാണ് ഫലം. രാഹുലിന്റെ വരവ് പ്രതീക്ഷിച്ച് കൂറ്റന്‍ ഫ്‌ളക്‌സുകള്‍ കഴിഞ്ഞ ദിവസം അമേഠി മണ്ഡലത്തില്‍ സ്ഥാപിച്ചിരുന്നു.

അമേഠിയിൽ കോൺഗ്രസ് മത്സര രംഗത്തിറക്കുന്ന കിഷോർ ലാൽ ശർമ്മ ഗാന്ധി കുടുംബവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ റായ്ബറേലിയിലെയും അമേഠിയിലെയും പ്രധാന വ്യക്തിയാണ്. പഞ്ചാബ് സ്വദേശിയായ കെഎൽ ശർമ എന്ന കിഷോരി ലാൽ ശർമ 1983ലാണ് കോൺഗ്രസിന്റെ സജീവ പ്രവർത്തകനായി അമേഠിയിൽ എത്തുന്നത്. കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ അന്തരിച്ച രാജീവ് ഗാന്ധിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു ശർമ. രാജീവ് ​ഗാന്ധിക്ക് ശേഷവും അമേഠിയിൽ തുടർന്ന ശർമ്മ പിന്നീടിങ്ങോട്ട് അമേഠിയിൽ കോൺഗ്രസിനെ ശക്തിപ്പെടുത്താനായി പ്രവർത്തിച്ചു.

1999 ൽ അമേഠിയിൽ നിന്നുള്ള സോണിയാ ഗാന്ധിയുടെ ആദ്യ തെരഞ്ഞെടുപ്പ് വിജയത്തിൽ കിഷോരി ലാൽ ശർമ്മ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. സോണിയഗാന്ധി ആദ്യമായി പാർലമെൻ്റിലെത്തുന്ന ആ തിരഞ്ഞെടുപ്പിലൂടെ അമേഠിയിൽ നിന്നാണ്. സോണിയാ ഗാന്ധി അമേഠി സീറ്റ് ഒഴിഞ്ഞ് റായ്ബറേലിയിലേക്ക് മാറിയപ്പോൾ ശർമയും ഒപ്പം മാറി. 2004ൽ രാഹുൽ ഗാന്ധി അമേഠിയിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് അമേഠിയിലും റായ്ബറേലിയിലും പാർട്ടിയുമായി ബന്ധപ്പെട്ട ചുമതലകൾക്ക് ശർമ ചുക്കാൻ പിടിച്ചു. ബിഹാറിലും പഞ്ചാബിലും കോൺഗ്രസ് പാർട്ടിക്ക് വേണ്ടി ശർമ പ്രവർത്തിച്ചിട്ടുണ്ട്.

സോണിയ ഗാന്ധി റായ്ബറേലിയിലേക്ക് മാറിയത് രാഹുൽ ഗാന്ധിക്ക് വേണ്ടിയായിരുന്നു. 2004ല്‍ രാഹുല്‍ ഗാന്ധി അമേഠിയിൽ മത്സരിച്ച് നേടിയത് 66 ശതമാനം വോട്ട് വിഹിതമാണ്. അന്ന് രണ്ടാം സ്ഥാനത്ത് ബിഎസ്പിയും ബിജെപി സ്ഥാനം മൂന്നമതും ആയിരുന്നു. 2009ല്‍ അമേഠിയില്‍ നിന്ന് രാഹുൽ വിജയിക്കുന്നത് 71 ശതമാനം വോട്ട് നേടി മൂന്നര ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. അന്നും ബിജെപിക്ക് മൂന്നാം സ്ഥാനമായിരുന്നു.

എന്നാൽ 2014ല്‍ അമേഠിയിലെ രാഹുലിന്റെ വോട്ട് വിഹിതം 46 ശതമാനമായി കുറഞ്ഞു. ഇരുപത്തിയഞ്ച് ശതമാനത്തിന്റെ കുറവാണു അന്ന് ഉണ്ടായത്. 2004-ല്‍ ഒന്‍പത് ശതമാനവും 2009ല്‍ അഞ്ച് ശതമാനവും മാത്രം വോട്ട് നേടിയ ബിജെപി 2014ല്‍ 34 ശതമാനമായി അവരുടെ വോട്ട് വിഹിതം ഉയർത്തി.അതായത് ഇരുപത്തിയെട്ട് ശതമാനത്തിന്റെ വര്‍ധനവ്.

എന്നാൽ സ്‌മൃതി ഇറാനിയുടെ ഈ മുന്നേറ്റം കോൺഗ്രസ് തിരിച്ചറിഞ്ഞില്ല. കാലങ്ങളായി സ്വന്തം തട്ടകമാണെന്ന ആത്മവിശ്വാസ കൂടുതൽ കൊണ്ടുണ്ടായ അലസതക്ക് 2019 ൽ കോൺഗ്രസ് വലിയ വിലയാണ് നൽകേണ്ടി വന്നത്. 49 ശതമാനം വോട്ടുകൾ നേടി സ്‌മൃതി ഇറാനി അമേഠിയിൽ വിജയിച്ച് കയറിയപ്പോൾ 43 ശതമാനം വോട്ട് മാത്രമാണ് രാഹുലിന് നേടാനായത്. 2019 ലെ അമേഠിയിലെ സ്‌മൃതിയുടെ വിജയത്തിന് പിന്നിലെ പ്രധാന കാരണം രാഹുൽ ഗാന്ധി വയനാട്ടിൽ കൂടി മത്സരിക്കാൻ ഇറങ്ങിയതാണ്.

അമേഠി മണ്ഡലം സുരക്ഷിതമല്ലെന്ന് മനസിലാക്കിയായിരുന്നു രാഹുല്‍ ഗാന്ധി മറ്റൊരു സുരക്ഷിത മണ്ഡലം കൂടി അന്ന് തിരഞ്ഞെടുത്തത്. മുതിര്‍ന്ന നേതാക്കളുടെ ഉപദേശം സ്വീകരിച്ച് രാഹുല്‍ അമേഠിക്കൊപ്പം വയനാട്ടിലും മത്സരിച്ചു. എന്നാൽ ഇത് സ്‌മൃതി ഇറാനിയും ബിജെപിയും അമേഠിയിൽ ആയുധമാക്കി. തന്നെ ഭയന്നാണ് രാഹുല്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നതെന്ന് സ്മൃതി ഇറാനി ആവര്‍ത്തിച്ചു. വയനാട്ടിലെ പ്രകടനങ്ങളിലെ മുസ്ലിം ലീഗ് പതാകകള്‍ പാകിസ്ഥാൻ പതാകയാണെന്ന് പ്രചാരണം നടത്തി. അങ്ങനെ 2019 ൽ മോദി പ്രഭാവത്തിൽ നെഹ്‌റു കുടുംബത്തിന്റെ തട്ടകമായ അമേഠിയും ബിജെപിക്കൊപ്പം ചേർന്നു.

ഇനി റായ്ബറേലിയിലേക്ക് വന്നാൽ, മോദി പ്രഭാവം ആഞ്ഞടിച്ച 2014 ലും 2019 ലും കോൺഗ്രസിനൊപ്പം അടിയുറച്ചു നിന്ന ഉത്തർപ്രദേശിലെ ഏക മണ്ഡലമാണ് റായ്ബറേലി. 2004 മുതല്‍ റായ്ബറേയില്‍ നിന്നുള്ള എംപിയായ സോണിയാ ഗാന്ധി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് പിന്‍മാറി രാജ്യസഭയിലേക്ക് പോയപ്പോൾ മുതൽ റായ്ബറേലി സീറ്റില്‍ പ്രിയങ്ക മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങളായിരുന്നു പ്രചരിച്ചിരുന്നത്. എന്നാല്‍, പ്രിയങ്ക ഇത്തവണയും മത്സരത്തിനില്ല.

റായ്ബറേലിയില്‍ മത്സരിച്ച് ജയിച്ചാലും വയനാട് മണ്ഡലം ഉപേക്ഷിക്കാനാകില്ലെന്ന നിബന്ധന രാഹുല്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് മുന്നില്‍വെച്ചു എന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയാണെങ്കില്‍, റായ്ബറേലിയില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങും. ഈ ഉപതിരഞ്ഞെടുപ്പിലൂടെ പ്രിയങ്ക ഗാന്ധി തിരിഞ്ഞടുപ്പ് രാഷ്ട്രീയത്തിലേക്ക് കടന്നേക്കും. നിലവില്‍ കോണ്‍ഗ്രസിന്റെ താരപ്രചാരകയായ പ്രിയങ്ക, ഒട്ടുമിക്ക സംസ്ഥാനങ്ങളിലും നേരിട്ടെത്തി പ്രചാരണം നടത്തുന്നതിന്റെ തിരക്കിലാണ്.

Read more

രാഹുൽ ഗാന്ധി തന്നെ സോണിയ ഗാന്ധിക്ക് പകരം റായ്ബറേലിയിലേക്ക് എത്തുന്നത് അവിടുത്തെ കോൺഗ്രസ്കാർക്ക് ഉണ്ടാക്കുന്ന ആവേശം ചെറുതല്ല. യുപി മന്ത്രി ദിനേശ് പ്രതാപ് സിങാണ് ഇവിടുത്തെ ബിജെപി സ്ഥാനാർഥി. 2019ല്‍ സോണിയ ഗാന്ധിയോട് മത്സരിച്ച് തോറ്റയളാണ് ദിനേശ് പ്രതാപ് സിങ്. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടത്തില്‍ മെയ് 20നാണ് ഇരു മണ്ഡലങ്ങളിലേയും വോട്ടെടുപ്പ്.