ഹിമഗിരിയില്‍ കോണ്‍ഗ്രസ് കൊടിയേറ്റം; ബി.ജെ.പിയുടെ തണ്ട് ഒടിച്ചത് വനിത; പ്രതിഭ സിംഗ് മുഖ്യമന്ത്രിയായേക്കും

ഹിമാചല്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചുവരവ് നടത്തി കോണ്‍ഗ്രസ്. വോട്ടെണ്ണലിന്റെ 90 ശതമാനവും പൂര്‍ത്തിയായപ്പോള്‍ 39 സീറ്റുകളില്‍ കോണ്‍ഗ്രസ് വ്യക്തമായി ലീഡ് ചെയ്യുന്നുണ്ട്. 68 അംഗ നിയമസഭയില്‍ 35 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. നിലവില്‍ കേവല ഭൂരിപക്ഷവും കടന്നാണ് കോണ്‍ഗ്രസ് മുന്നേറ്റം. ബിജെപിക്ക് 2ഭ സീറ്റുകളില്‍ മാത്രമാണ് മുന്നേറാനായത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി.നദ്ദയുടെ സ്വന്തം സംസ്ഥാനത്ത് ബിജെപി ഭരണത്തിന് അന്ത്യം കുറിച്ചാണ് കോണ്‍ഗ്രസ് മുന്നേറുന്നത്. ബിജെപിയുടെ 18 സിറ്റിംഗ് സീറ്റുകളില്‍ നിലവില്‍ കോണ്‍ഗ്രസ് മുന്നേറ്റമാണ്. ഏക സിറ്റിംഗ് സീറ്റില്‍ സിപിഎം നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

പിസിസി അധ്യക്ഷയും മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിങ്ങിന്റെ ഭാര്യയുമായ പ്രതിഭ സിങ്ങ് മുഖ്യമന്ത്രിയാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.പ്രതിഭ സിങ് മുഖ്യമന്ത്രി പദവിക്കായി രംഗത്തുണ്ടാകുമെന്ന് മകനും എംഎല്‍എയുമായ വിക്രമാദിത്യ സിങ് മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ ലോക്‌സഭാ എംപിയാണ് പ്രതിഭ സിങ്. മുഖ്യമന്ത്രിയായാല്‍, ഇതു രാജിവച്ച് നിയമസഭയിലേക്ക് മത്സരിക്കേണ്ടി വരും.

വീര്‍ഭദ്ര സിങ്ങിന്റെ സ്മരണയും ഭരണനേട്ടങ്ങളും ഓര്‍മിപ്പിച്ചാണ് കോണ്‍ഗ്രസ് വിജയത്തിലേക്കെത്തിയത്. മുഖ്യമന്ത്രി ആരാകുമെന്ന് എംഎല്‍എമാരും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും ചേര്‍ന്ന് തീരുമാനിക്കുമെന്നും വിക്രമാദിത്യ സിങ് ഷിംലയില്‍ പറഞ്ഞു. 1985ന് ശേഷം ഒരു പാര്‍ട്ടിക്കും ഹിമാചലില്‍ തുടര്‍ഭരണം ലഭിച്ചിട്ടില്ല. ഏക വ്യക്തി നിയമം, ആപ്പിള്‍ കര്‍ഷകരുടെ പ്രതിസന്ധി, പഴയ പെന്‍ഷന്‍ പദ്ധതി, വിലക്കയറ്റം, തൊഴിലില്ലായ്മ, അഗ്‌നിപഥ് പദ്ധതി എന്നിവയുള്‍പ്പെടെ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയായി.

സീറ്റുകളുടെ എണ്ണത്തില്‍ ഭൂരിപക്ഷമില്ലെങ്കിലും ഹിമാചല്‍ പിടിക്കാനുള്ള ശ്രമങ്ങള്‍ക്ക് ബി.ജെ.പി തുടക്കമിട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. സ്വതന്ത്രരേയും കോണ്‍ഗ്രസിലെ ചില എം.എല്‍.എമാരേയും സ്വന്തം പാളയത്തിലേക്ക് എത്തിക്കാനുള്ള ശ്രമം ബി.ജെ.പി ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസാണ് ഇതിന് നേതൃത്വം നല്‍കുന്നത്.

Read more

എം.എല്‍.എമാരെ ഹിമാചല്‍പ്രദേശില്‍ നിന്ന് മാറ്റാനുള്ള നീക്കങ്ങള്‍ക്ക് കോണ്‍ഗ്രസും തുടക്കം കുറിച്ചിട്ടുണ്ട്. രാജസ്ഥാനിലേക്ക് എം.എല്‍.എമാരെ ബസില്‍ കൊണ്ടു പോകുന്നതിനുള്ള നീക്കമാണ് കോണ്‍ഗ്രസ് ആരംഭിച്ചത്. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി പ്രിയങ്ക ഗാന്ധി ഷിംലയില്‍ വ്യാഴാഴ്ച വൈകീട്ടോടെ എത്തുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.