പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കാന്‍ ആം ആദ്മി പാര്‍ട്ടി കൊണ്ട് വന്ന ടെലി വോട്ടിംഗ് സര്‍വേയില്‍ എട്ട് ലക്ഷത്തിലധികം കടന്ന് പ്രതികരണങ്ങള്‍. പാര്‍ട്ടി ഏത് സ്ഥാനാര്‍ഥിയെ മത്സരത്തിന് ഇറക്കണമെന്ന കാര്യത്തില്‍ ജനങ്ങളോട് അഭിപ്രായം ആരാഞ്ഞിരുന്നു. ‘ജനതാ ചുനേഗി അപ്ന സിഎം’ എന്ന പേരിലായിരുന്നു സര്‍വേ സംഘടിപ്പിച്ചത്. വോട്ടര്‍മാര്‍ക്ക് പ്രതികരണം അറിയിക്കാനായി ഒരു ഫോണ്‍ നമ്പറും ആം ആദ്മി പാര്‍ട്ടി പുറത്ത് വിട്ടിരുന്നു. 24 മണിക്കൂറിനുള്ളിലാണ് ഇത്രയധികം പ്രതികരണങ്ങള്‍ രേഖപ്പെടുത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മൂന്ന് ലക്ഷത്തിലധികം വാട്ട്സ്ആപ്പ് സന്ദേശങ്ങളും നാല് ലക്ഷത്തിലധികം ഫോണ്‍ കോളുകളും 50,000 ടെക്സ്റ്റ് സന്ദേശങ്ങളും ഒരു ലക്ഷത്തിലധികം വോയ്സ് സന്ദേശങ്ങളും ഈ നമ്പറിലേക്ക് ലഭിച്ചതായി ആം ആദ്മിയുടെ മുതിര്‍ന്ന നേതാവ് ഹര്‍പാല്‍ സിങ് ചീമ പറഞ്ഞു. മുഴുവന്‍ വിവരങ്ങളും ശേഖരിച്ച ശേഷം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 14നാണ് പഞ്ചാബില്‍ തിരഞ്ഞെടുപ്പ്. കഴിഞ്ഞ ദിവസമാണ് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ ജനങ്ങളില്‍ നിന്ന് പ്രതികരണം ആരാഞ്ഞത്. ജനുവരി 17 വരെ ആളുകള്‍ക്ക് നമ്പറില്‍ വിളിച്ചോ, വാട്ട്‌സപ്പ് ചെയ്‌തോ പ്രതികരണം അറിയിക്കാമെന്നാണ് പറഞ്ഞത്. തന്റെ മുന്‍ഗണന ഭഗവന്ത് മന്നാണെന്ന് അദ്ദേഹം വ്യക്തമാക്കിയരുന്നുവെങ്കിലും ജനങ്ങളുടെ അഭിപ്രായം അറിഞ്ഞ ശേഷം ഏറ്റവും കൂടുതല്‍ പേര്‍ പിന്തുണയ്ക്കുന്ന ആളെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
വൃത്തികെട്ട രാഷ്ട്രീയത്തില്‍ ഏര്‍പ്പെട്ടിരുന്ന പരമ്പരാഗത പാര്‍ട്ടികളെ തുടച്ച് നീക്കാന്‍ പഞ്ചാബിലെ ജനങ്ങള്‍ തീരുമാനം എടുത്തിരിക്കുകയാണ് എന്നാണ് ചീമ പറഞ്ഞത്. ജനങ്ങള്‍ ആം ആദ്മി പാര്‍ട്ടി തന്നെ വോട്ട് ചെയ്യുമെന്നും, വ്യക്തമായ ഭൂരിപക്ഷത്തോടെ പാര്‍ട്ടി അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.